രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഭരണകക്ഷിയായ എ.എ.പി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും. ബി.ജെ.പിയുടെ സഖ്യകക്ഷിയായി ജെ.ഡി.യു 2 സീറ്റിലും എല്‍ജെപി 1 സീറ്റിലും മത്സരിക്കുന്നു. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡി 4 സീറ്റില്‍ മത്സരിക്കുന്നുണ്ട്. ബി.എസ്.പി 42 സീറ്റുകളിലും. വിവിധ സര്‍വേ ഫലങ്ങള്‍ എഎപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണു നല്‍കുന്നത്.