India National

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം സജീവം; ക്ഷേമ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ആം ആദ്മി

ഡൽഹിയിൽ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ആം ആദ്മി പാർട്ടി ഇത്തവണ വോട്ട് തേടുന്നത്. നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാത്തത്, അനധികൃത കോളനിയിലെ ജനങ്ങൾക്ക് പാർപ്പിടം തുടങ്ങിയ വിഷയങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. ആം ആദ്മി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ ചുവട് പിടിച്ചുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസിന്റേത്. ആപ്പോഴും പ്രചരണത്തിൽ എ.എ.പിക്കൊപ്പം എത്താൻ ഇരു പാർട്ടികൾക്കുമായിട്ടില്ല.

വെള്ളം, വൈദ്യുതി, ചികിത്സ, വിദ്യാഭ്യാസം, സ്ത്രീകളുടെ ബസ് യാത്ര തുടങ്ങി ഒരു പിടി ജനക്ഷേമ പദ്ധതികൾ ജനങ്ങളുടെ ഇടയിൽ ഉണ്ടാക്കിയ മികച്ച പ്രതികാരമാണ് ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പിലെ ആത്മ വിശ്വാസം. ഈ പദ്ധതികളെല്ലാം അധികാരത്തിൽ വന്നാൽ തുടരുമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് എ.എ.പി പ്രചാരണം ആരംഭിച്ചത്. ആ വെല്ലുവിളി മറികടക്കാനുള്ള ശ്രമത്തിലാണ് മുഖ്യ എതിരാളികളായ ബി.ജെ.പി യും കോൺഗ്രസ്സും.

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകിക്കുന്നത് എ.എ.പി സർക്കാരാണ് എന്ന ആരോപണമാണ് ബി.ജെ.പി ആരോപിക്കുന്നത്. ഒപ്പം ലക്ഷക്കണക്കിന് വരുന്ന ചേരി നിവാസികൾക്ക് വീട് നിർമിച്ചു നൽകുമെന്ന വാഗ്ദാനമാണ് നൽകുന്നത്. വെള്ളം, വൈദ്യുതി തുടങ്ങിയവക്ക് ഇളവ് അനുവദിക്കുക, സ്ത്രീ സുരക്ഷക്ക് കൂടുതൽ നടപടി എന്നിങ്ങനെയാണ് കോൺഗ്രസ്‌ മുന്നോട്ട് വെക്കുന്ന കാര്യങ്ങൾ. മൂന്ന് പാർട്ടികളും പ്രകടന പത്രിക പുറത്തിറക്കിയിട്ടില്ല. കേജരിവാൾ സർക്കാർ നടപ്പാക്കിയ പദ്ധതികൾ മാറ്റി നിർത്തി മറ്റു രണ്ട് പാർട്ടികൾക്കും വാഗ്ദാനങ്ങൾ നല്‍കാന്‍ കഴിയില്ല എന്നത് ആം ആദ്മി പാർട്ടിക്ക് നിലവിൽ നേട്ടമാണ്.