India

ഡൽഹിയിലെ വായുമലിനീകരണം; കർമ്മസമിതിയേയും ഫ്ലയിങ് സ്ക്വാഡുകളെയും ചുമതലപ്പെടുത്തിയെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

ഡൽഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാൻ കർമ്മസമിതിയേയും 17 ഫ്ലയിങ് സ്ക്വാഡിനെയും ചുമതലപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്രം നിയോഗിച്ച എയർ ക്വളിറ്റി മാനേജ്‌മെന്റ് കമ്മിഷനാണ് കർമ്മ സമിതി രൂപീകരിച്ചത്. വായുമലിനീകരണം തടയാനാവശ്യപ്പെട്ടുള്ള ഹർജി പരി​ഗണിക്കവേയാണ് കേന്ദ്രം സുപ്രിംകോടതിയിൽ ഇക്കാര്യം അറിയിച്ചത്. ഈ സംഘങ്ങൾ സുപ്രീംകോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കും.

കഴിഞ്ഞ ദിവസം സുപ്രിംകോടതി കേന്ദ്രസർക്കാരിനെയും ഡൽഹി സർക്കാരിനെയും രൂക്ഷമായി വിമർശിച്ചിരുന്നു. പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രിം കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. മലിനീകരണം രൂക്ഷമായി തുടരുമ്പോൾ സ്കൂളുകൾ തുറന്ന ഡൽഹി സർക്കാരിനെയും കോടതി വിമർശിച്ചു. ഇതിന് പിന്നാലെ ഡൽഹിയിലെ സ്കൂളുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ തുറന്ന് പ്രവർത്തിക്കില്ല എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി അറിയിച്ചു. മലിനീകരണം തടയാൻ ക്രിയാത്മകമായ നടപടി സ്വീകരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകിയിരിക്കുകയാണ് കോടതി.

വായുമലിനീകരണം തടയാനുള്ള നിയന്ത്രണങ്ങൾ സംസ്ഥാനങ്ങൾ നടപ്പിലാക്കിയില്ലെങ്കിൽ കോടതിക്ക് കർമ്മസമിതിയെ നിയോഗിക്കേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സെൻട്രൽ വിസ്തയുടെ നിർമ്മാണം മലിനീകരണത്തിനിടയാക്കുന്നുണ്ടോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.