ഡല്‍ഹിയില്‍ വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഔദ്യോഗിക യോഗം ഇന്ന്. യുപി, പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. നഗരങ്ങളില്‍ ലോക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.
വായു മലിനീകരണം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും അടിയന്തര തീരുമാനങ്ങളെടുക്കാനും സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ 50ല്‍ താഴയെത്തുന്ന രാജ്യതലസ്ഥാനത്തെ വായുഗുണനിലവാര സൂചിക 331ല്‍ എത്തിനില്‍ക്കുകയാണ്.
ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് അതിരൂക്ഷമായ വായുമലിനീകരണത്തിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍സ് എന്‍വയോണ്‍മെന്റ് വ്യക്തമാക്കി. ദീപാവലി നാളുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെങ്കിലും ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉപയോഗം കൂടുതലായിരുന്നതും വായു മലിനീകരണം രൂക്ഷമാക്കി.