India National

ഡൽഹി സര്‍ക്കാരിന്റെ ഗതാഗത നിയന്ത്രണം മലിനീകരണം കുറക്കാന്‍ സഹായിച്ചില്ലെന്ന് സുപ്രീം കോടതി

ഡൽഹി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട വാഹന ഗതാഗത നിയന്ത്രണം മലിനീകരണം കുറക്കാന്‍ സഹായിച്ചില്ലെന്ന് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കാന്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറിമാരെ വീണ്ടും വിളിപ്പിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കിയ ശേഷം അഞ്ച് മുതൽ ഏഴ് ശതമാനം വരെ മലിനീകരണ തോത് കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കണക്ക് ഡല്‍ഹി സര്‍ക്കാര്‍ കോടതിക്ക് നല്‍കിയെങ്കിലും പദ്ധതി പരാജയമായിരുന്നുവെന്നാണ് ‌കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിരീക്ഷണം. ഹരിയാന, പഞ്ചാബ്, ഡല്‍ഹി സര്‍ക്കാറുകള്‍ മലിനീകരണം നിയന്ത്രിക്കാന്‍ മതിയായ ഇടപെടല്‍ നടത്തിയില്ല. ചീഫ് സെക്രട്ടറിമാരെ വീണ്ടും വിളിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി. കോടതി സ്വമേധയ എടുത്ത കേസ് നവംബര്‍ 29ന് വീണ്ടും പരിഗണിക്കും. അതിനിടെ രാജ്യ തലസ്ഥാനത്ത് വീണ്ടും മലിനീകരണ തോത് ക്രമാതീതമായി വര്‍ധിച്ചു. പലയിടത്തും വായു നിലവാര സൂചിക ആയിരത്തിനടുത്തെത്തി.