India National

കേന്ദ്ര പ്രതിരോധ സെക്രട്ടറി അ‍ജയ് കുമാറിന് കോവിഡ്

കേന്ദ്ര പ്രതിരോധ സെക്രട്ടറി അ‍ജയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യാഗസ്ഥരോട് ഹോം ക്വാറന്‍റൈനിൽ പോകാൻ നിർദേശിച്ചു. മുൻകരുതലിന്‍റെ ഭാഗമായി പ്രതിരോധമന്ത്രി രാജ് നാഥ് സിങ് മന്ത്രാലയത്തിൽ എത്തിയേക്കില്ല.

പ്രതിരോധ മന്ത്രാലയം അജയ് കുമാറിന്‍റെ സമ്പർക്ക പട്ടിക ശേഖരിക്കുകയാണ്. അജയ് കുമാറിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്‍റെ രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.

എന്നാല്‍ പ്രതിരോധ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റെയ്സിന ഹില്‍സിലെ ഒന്നാം ബ്ലോക്കിലാണ് പ്രതിരോധ മന്ത്രിയുടെയും പ്രതിരോധ സെക്രട്ടറിയുടെയും സേന തലവന്‍റെയും ഓഫീസ്.

ഡല്‍ഹിയിലും മഹാരാഷ്ട്രയിലും രോഗബാധ നിയന്ത്രണാതീതം

രാജ്യത്തെ കോവിഡ് മരണം 6000വും ആകെ രോഗികൾ 2.15 ലക്ഷവും കവിഞ്ഞു. മഹാരാഷ്ട്രയിലും ഡൽഹിയിലും നിയന്ത്രണാതീതമാണ് രോഗബാധ. ഡൽഹിയിൽ എത്തുന്ന എല്ലാവർക്കും 7 ദിവസം ക്വാറന്റെൻ നിർബന്ധമാക്കി.

പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 9000ലേക്ക് എത്തുകയാണ്. മൂന്ന് ദിവസമായി 200ന് മുകളിലാണ് മരണം. രണ്ടാഴ്ചയായി 2000ന് മുകളിലാണ് മഹാരാഷ്ട്രയിൽ പുതുതായി രോഗം സ്ഥിരീകരിക്കുന്നവർ. ഇന്നലെ മാത്രം 122 മരണം. ആകെ രോഗികൾ 74,860ഉം മരണം 2587ഉം കടന്നു. ഡൽഹിയിൽ ഒരാഴ്ചയിൽ അധികമായി പ്രതിദിന രോഗബാധിതൽ 1100ന് മുകളിലാണ്. 10 വരെ മരണവും റിപ്പോർട്ട് ചെയ്യുന്നു. ആകെ രോഗികൾ 23,645ഉം മരണം 606ഉം ആയതോടെ പ്രതിരോധ നടപടികൾ ശക്തമാക്കി. സ്‌റ്റേഡിയങ്ങൾ അടക്കമുള്ള ഇടങ്ങൾ ചികിത്സാ കേന്ദ്രങ്ങൾ ആക്കാന്‍ ആരംഭിച്ചു. ഗുജറാത്തിൽ 485 കേസും 30 മരണവും പുതുതായി റിപ്പോർട്ട് ചെയ്തതോടെ രോഗികൾ 18117ഉം മരണം 1122ഉം കടന്നു. രാജസ്ഥാനിൽ 279 കേസും 6 മരണവും പുതുതായി സ്ഥിരീകരിച്ചു.

അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് ഉയർന്ന് 48.31 ശതമാനത്തിലും മരണ നിരക്ക് താഴ്ന്ന് 2.8 ശതമാനത്തിലും എത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. 688 ലാബുകളിലായി പ്രതിദിനം 1.37 ലക്ഷം സാമ്പിളുകള്‍ പരിശോധിക്കുന്നു. സമൂഹ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന ഈ ആഴ്ച പൂർത്തിയാക്കാനാകുമെന്നാണ് ഐസിഎംആര്‍ പ്രതീക്ഷിക്കുന്നത്.