India National

ഇന്ത്യക്ക് രക്ഷാസമിതി താല്‍കാലികാംഗത്വം; നന്ദി അറിയിച്ച് പ്രധാനമന്ത്രി

2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു

021-22 കാലയളവിലേക്കുള്ള യുഎന്‍ രക്ഷാസമിതി താല്‍കാലികാംഗമായി ഇന്ത്യയെ എതിരില്ലാതെ തെരഞ്ഞെടുത്തു. ഏഷ്യാ-പസഫിക് മേഖലയില്‍ നിന്നുള്ള അംഗമായാണ് ഇന്ത്യയുടെ രക്ഷാസമിതി പ്രവേശം. പിന്തുണച്ച രാജ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു.

2021 ജനുവരിയിലാരംഭിക്കുന്ന കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍192 അംഗരാജ്യങ്ങളില്‍ വോട്ടുചെയ്ത 184 അംഗങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചു. ഇന്ത്യയോടൊപ്പം അയര്‍ലാന്‍ഡ്, നോര്‍വേ, മെക്സിക്കോ എന്നീ രാജ്യങ്ങളും രക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ഇതിന് മുമ്പ് ഏഴ്തവണ രക്ഷാസമിതിയംഗമായിരുന്നിട്ടുണ്ട്. 2011-12 കാലയളവിലാണ് ഒടുവില്‍ ഇന്ത്യ രക്ഷസമിതിയംഗമായിരുന്നിട്ടുള്ളത്. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ ഊര്‍ജിതമായ സാഹചര്യത്തില്‍ ഇക്കുറി ഇന്ത്യയുടെ താല്‍കാലികാംഗത്വം നിര്‍ണായകമാണ്. സ്ഥിരാംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എതിര്‍ത്തു പോരുന്ന ചൈന ഉള്‍പ്പടെയുള്ളവരുടെ പിന്തുണയോടെയാണ് ഇക്കുറി ഇന്ത്യ താല്‍കാലികാംഗമായത്. രക്ഷാസമിതിയംഗമാകാന്‍ നല്‍കിയ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. സമാധാനത്തിനും സുരക്ഷക്കും സമത്വത്തിനും വേണ്ടി ലോകരാജ്യങ്ങളോട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.