India National

മയക്കുമരുന്ന് കേസ്: ദീപികയുടെ മാനേജര്‍ക്ക് നോട്ടീസ്

നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന് ഹാജരാകാന്‍ നാര്‍കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നോട്ടീസ്. ബോളിവുഡ്- ലഹരി ബന്ധം സംബന്ധിച്ച അന്വേഷണത്തിനിടെയാണ് കരിഷ്മയെ വിളിപ്പിച്ചത്. സുശാന്ത് സിങിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ബോളിവുഡിലെ മയക്കുമരുന്ന് ബന്ധത്തിലെത്തിയത്.

കരിഷ്മ പ്രകാശ് ജോലി ചെയ്യുന്ന ക്വാന്‍ ടാലന്‍റ് സിഇഒ ധ്രുവ് ചിത്ഗോപേകറിനെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. കരിഷ്മ ഹാജാരാകാന്‍ എന്‍സിബിയോട് സമയം ചോദിച്ചിട്ടുണ്ട്. സുശാന്തിന്‍റെ മാനേജര്‍ ശ്രുത മോദി, മുന്‍ ടാലന്‍റ് മാനേജര്‍ ജയ സാഹ എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്.

സുശാന്തിനായി ലഹരി മരുന്ന് വാങ്ങിയിരുന്നുവെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ നടി റിയ ചക്രബര്‍ത്തിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിയയുടെ വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെയെല്ലാം വിളിപ്പിച്ചത്. സെപ്തംബര്‍ 9നാണ് റിയയെ അറസ്റ്റ് ചെയ്തത്. റിയക്ക് പുറമെ 15 പേരെ ഇതുവരെ സുശാന്ത് സിങ് കേസില്‍ അറസ്റ്റ് ചെയ്തു. കൂടുതല്‍ താരങ്ങളെ വരുംദിവസങ്ങളില്‍ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കും.