ഭീം ആർമി നേതവ് ചന്ദ്രശേഖർ ആസാദിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചതിന് പിറകെ, പാർട്ടിയുമായുള്ള നിലപാട് തുറന്ന് പറഞ്ഞ് ഭീം ആർമി. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ആർമി ദേശീയ അധ്യക്ഷൻ വിനയ് രത്തൻ സിംഗ് പറഞ്ഞു.
ആശുപത്രിയിലുള്ള ഭീം ആർമിയുടെ ജനപ്രിയനായ നേതാവ് ചന്ദ്രശേഖർ ആസാദിനെ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി സന്ദർശിച്ചിരുന്നു. എന്നാൽ സന്ദർശന വേളയിൽ രാഷ്ട്രിയപരമായ കാര്യങ്ങളിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന് വിനയ് പറഞ്ഞു. ആറ് പതിറ്റാണ്ട് നീണ്ട കോൺഗ്രസ് ഭരണത്തിന് കീഴിൽ ദലിതരുടെ ജീവിത സാഹചര്യത്തിൽ കാര്യമായ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ഭീം സേന നേതാവ്, കോൺഗ്രസിന്റെ പ്രവർത്തികളാണ് രാജ്യത്ത് സംഘ്പരിവാർ ശക്തികളെ വളർത്തിയതെന്നും കൂട്ടിച്ചേർത്തു.
പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് നേരത്തെ ചന്ദ്രശേഖർ ആസാദ് എന്ന ‘രാവൺ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ, സ്മൃതി ഇറാനിക്കെതിരെയും ദലിത് വോട്ടുകൾ നിർണായകമായ പഞ്ചാബിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഭീം ആർമി പറഞ്ഞു.