India National

റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചിന് ശക്തിപകരാന്‍ സ്ത്രീകളും

ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം കൂടുതല്‍ ശക്തി പ്രാപിക്കുന്നു. റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കാനിരിക്കുന്ന ട്രാക്ടര്‍ പരേഡില്‍ ഹരിയാനയില്‍ നിന്നുള്ള സ്ത്രീകളെയും കൂടുതലായി പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഇതിനായി സ്ത്രീകള്‍ക്ക് ട്രാക്ടര്‍ ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തുകഴിഞ്ഞു. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്.

ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ ധാരാളം സ്ത്രീകള്‍ പങ്കെടുക്കുന്നുണ്ട്. ട്രാക്ടര്‍ പരേഡിലടക്കം സ്ത്രീകളെ പങ്കെടുപ്പിച്ച് ചരിത്രം രചിക്കാനുള്ള തയാറെടുപ്പിലാണ് കര്‍ഷകര്‍.

”ഇത് സര്‍ക്കാരിനുള്ള ട്രെയിലര്‍ മാത്രമാണ്. ട്രാക്ടര്‍ പരേഡില്‍ പങ്കെടുത്തുകൊണ്ട് വേണ്ടിവന്നാല്‍ ചെങ്കോട്ടയിലേക്കും ഞങ്ങള്‍ ട്രാക്ടര്‍ ഓടിച്ചെത്തും. അതൊരു ചരിത്ര സംഭവമായി മാറും”, സാഫഖേരി ജില്ലയിലെ സിക്കിം നായിന്‍ പറഞ്ഞു. പോര്‍ക്കളത്തില്‍ ഇനി കാണാന്‍ പോകുന്നത് സ്ത്രീശക്തിയാണെന്നും ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും നായിന്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി 26ന് രാജ്പതിലെ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിന് ശേഷം തങ്ങളുടെ ട്രാക്ടറുകളുമായി പരേഡ് സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലുമായിരിക്കും ട്രാക്ടര്‍ പരേഡ്.