India National

വിവാഹ ചടങ്ങില്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചതിന് ദലിത് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്നു

ഒരേ പന്തലിലുരുന്ന് ആഹാരം കഴിച്ചതിന് താഴ്ന്ന ജാതിക്കാരനെന്നാരോപിച്ച് ആള്‍ക്കൂട്ടം ദലിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു. ഉത്തരാഖണ്ഡിലെ തേരി ഗര്‍വാള്‍ ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ 26 ന് രാത്രിയിലാണ് സംഭവം. തേരി ഗര്‍വാളിലെ ബാസന്‍ സ്വദേശിയായ ജിതേന്ദ്ര ദാസ് എന്ന 21 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

സംഭവ ദിവസം കൊല്ലപ്പെട്ട യുവാവും കുടുംബവും ശ്രീകോട്ടിലുള്ള ഒരു അകന്ന ബന്ധുവിന്‍റെ വിവാഹത്തിന് പോയതായിരുന്നു. തുടര്‍ന്ന് ജിതേന്ദ്ര ദാസ് തനിക്കുള്ള ഭക്ഷണവുമെടുത്ത് അടുത്ത് കണ്ട ഒരു കസേരയിലിരുന്ന് ആഹാരം കഴിക്കാനാരംഭിച്ചു. എന്നാല്‍ താഴ്ന്ന ജാതിക്കാരന്‍ എന്തിനാണ് കസേരയിലിരുന്ന് ആഹാരം കഴിക്കുന്നതെന്ന് ആക്രോശിച്ച് ഒരു കൂട്ടം ആളുകള്‍ ജിതേന്ദ്ര ദാസിന്‍റെ ഭക്ഷണമടങ്ങിയ പാത്രം തട്ടിത്തെറിപ്പിക്കുകയും ഇദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് വിവാഹ സത്ക്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോയ ജിതേന്ദ്ര ദാസിനെ പിന്തുടര്‍ന്നെത്തിയ അക്രമി സംഘം വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു. അവശനായ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ അബോധാവസ്ഥയിലായ ദാസിനെ അദ്ദേഹത്തിന്‍റെ അമ്മ തന്നെയാണ് കണ്ടെത്തുന്നത്. പിന്നീട് യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അക്രമികള്‍ ജിതേന്ദ്ര ദാസിന്റെ സ്വകാര്യ ഭാഗങ്ങളിലുള്‍പ്പടെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ ബന്ധുകൂടിയായ പ്രീതം സിംങ് പറഞ്ഞു. സംഭവമായി ബന്ധപ്പെട്ട് ജിതേന്ദ്ര ദാസിന്‍റെ സഹോദരി കെംപ്റ്റി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അദ്ദേത്തിന്‍റെ കുടുംബം പറയുന്നു. ഗജേന്ദ്ര, ശോഭന്‍, കുശല്‍, ഗബ്ബര്‍, ഗംബീര്‍, ഹര്‍ബീര്‍ സിംങ്, ഹുക്കും സിംങ് എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ സാക്ഷി പറായാന്‍ ആരും തയ്യാറാകാത്തതിനാലാണ് ഇവരെ അറസ്റ്റ് ചെയ്യാനാകാത്തതെന്നാണ് പൊലീസിന്‍റെ വാദം.