India National

ഫാനി ചുഴലിക്കാറ്റെത്തിയേക്കും; ആശങ്കയോടെ തമിഴ്നാട് തീരം

ഫാനി ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ടോടെ രൂപം കൊള്ളുന്ന കാറ്റ്, 30 ന് തമിഴ്നാട് തീരത്തെത്തുമെന്നാണ് സൂചന. റെഡ് അലർട്ട് ഇല്ലെങ്കിലും അതീവ ജാഗ്രത നിർദ്ദേശമാണ് തീരദേശ മേഖലയിൽ ഉള്ളവർക്ക് നൽകിയിട്ടുള്ളത്.

ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറായി രൂപം കൊള്ളുന്ന ചുഴലിക്കാറ്റ് മുപ്പതിന് തമിഴ്നാട് തീരത്തേക്ക് നീങ്ങും. ഇത് തീരം തൊടാനുള്ള സാധ്യത 60 ശതമാനം മാത്രമാണ്. നിലവിലെ സാധ്യതകൾ ഇങ്ങനെയാണെങ്കിലും ചുഴലിക്കാറ്റ് രൂപംകൊണ്ടതിന് ശേഷമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂ.

തീരദേശ ജില്ലകളായ പുതുക്കോട്ട, തഞ്ചാവൂർ, കാരയ്ക്കൽ, നാഗപട്ടണം, കാഞ്ചീപുരം എന്നിവിടങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി. പുതുച്ചേരിയിലും ജാഗ്രതാ നിർദ്ദേശമുണ്ട്. കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്. 30, മെയ് ഒന്ന് തിയതികളിൽ തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. അൻപത് വർഷത്തിന് ശേഷമാണ് തമിഴ്നാട്ടിൽ ഏപ്രിൽ മാസത്തിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ഉണ്ടാകുന്നത്.