India National

ഫോണി ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നു

ഫോണി ചുഴലിക്കാറ്റിന്റെ കരുത്ത് കുറയുന്നു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ കാറ്റ് വീശുന്നത്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ഫോണി ബംഗ്ലാദേശ് തീരത്തേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്.

ഒഡീഷയില്‍ കനത്ത നാശം വിതച്ച ഫോണി ഇന്നലെ അര്‍ധരാത്രിയോടെയാണ് ബംഗ്ലാദേശ് തീരത്തേക്ക് പ്രവേശിച്ചത്. ബംഗാളിലെ തെക്കന്‍ ജില്ലകളിലൂടെയാണ് ഫോണി കടന്നുപോകുന്നത്. ഇന്ന് വൈകീട്ടോടെ ബംഗാളിലെത്തുന്ന കാറ്റിന്‍റെ ശക്തി പൂര്‍ണമായും ക്ഷയിക്കുമെന്നാണ് വിലിയിരുത്തല്‍. ഒഡീഷയില്‍ കാറ്റിന്റെ കരുത്ത് രാവിലെ മുതല്‍ കുറഞ്ഞു. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ഇപ്പോള്‍ വീശുന്നത്. ഒഡീഷ തീരത്ത് അതിതീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ചിരുന്ന ഫോണിയെ നിലവില്‍ തീവ്രചുഴലിക്കാറ്റ് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും കാറ്റ് നാശം വിതച്ച മേഖലകളില്‍ ദ്രുതഗതിയുലുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എന്‍.ഡി.ആര്‍.എഫ് അറിയിച്ചു. കാറ്റ് കനത്ത നാശം വിതച്ച ഒഡീഷയില്‍ പ്രധാനമന്ത്രി തിങ്കളാഴ്ച സന്ദര്‍ശനം നടത്തും.