India National

ഫോണി; ആന്ധ്രയിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രതാനിര്‍ദേശം

ഫോണി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആന്ധ്രയിലും പശ്ചിമബംഗാളിലും കനത്ത ജാഗ്രതാനിര്‍ദേശം. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തീരപ്രദേശമായ ഖൊരഖ്പൂരില്‍ തങ്ങി ദുരന്തനിവാരണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ചുഴലിക്കാറ്റ് വീശുന്ന സംസ്ഥാനങ്ങളിലെ ദുരിതാശ്വപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സേനാവിഭാഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.

13 നാവികസേന യുദ്ധവിമാനങ്ങളും നാല് കപ്പലുകളുമാണ് ദുരിത്വാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. മരുന്ന്, ഭക്ഷണം, കുടിവെള്ളം അടക്കമുള്ളവ ദുരിതബാധിതപ്രദേശങ്ങളില്‍ ലഭ്യമാക്കും. തീരസംരക്ഷണസേനയുടെ 34 സംഘത്തെയാണ് ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ വിന്യസിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരസേനയുടെ 81 സംഘത്തെയും ഫോണി ദുരിതം വിതക്കുന്നയിടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. വ്യോമ നിരീക്ഷണത്തിനായി നാവികസേനയുടെ പി എയ്റ്റ് ഐ ഏര്‍പ്പെടുത്തിയിട്ടുണ്ട് . തീരപ്രദേശമായ ഖരഖ്പൂരില്‍ തങ്ങി മമത ബാനര്‍ജി പശ്ചിമബംഗാളിലെ രക്ഷാപ്രവര്‍ത്തനം വിലയിരുത്തും. മമത ബാനര്‍ജിയുടെ രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചരാണവും നിലവിലെ സാഹചര്യത്തില്‍ മാറ്റിവെച്ചു. കൊല്‍ക്കത്ത വിമാനത്താവളം ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ നാളെ രാവിലെ എട്ട് വരെ അടച്ചിടുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ആന്ധ്രപ്രദേശില്‍ ശ്രീകാകുളത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം 340 കോടി രൂപ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്.