ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ രാവിലെയോ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോ നാളെ രാവിലെയോ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. കടലില്‍ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് വീശുക. ഒഡീഷ,പശ്ചിമ ബംഗാൾ തീരങ്ങളില്‍ ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസങ്ങളില്‍ ഒഡീഷയില്‍ വ്യാപകമായി മഴയുണ്ടാകുമെന്ന് ഒഡീഷ സ്പെഷ്യൽ റിലീഫ് കമ്മീഷണർ പി.കെ ജിന പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു.
ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് 11 ലക്ഷം പേരെ ഒഴിപ്പിക്കേണ്ടി വരുമെന്നാണ് അറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി സേനയെ വിന്യസിച്ചു. ദേശീയ ദുരന്ത നിവാരണ സേന 10 ടീമുകളെ ഒഡീഷയിലേക്കും 7 ടീമുകളെ പശ്ചിമ ബംഗാളിലേക്കും അയച്ചു. ഒഡീഷയിലെ വടക്കന്‍ തീരദേശ മേഖലകളിലാണ് ഉംപുന്‍ ഏറെ നാശംവിതയ്ക്കുക എന്നാണ് നിഗമനം.
ഉംപുന്‍ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ തമിഴ്നാട്ടിലും വിവിധയിടങ്ങളില്‍ ശക്തമായ കാറ്റ്. രാമേശ്വരത്ത് 50 മത്സ്യബന്ധന ബോട്ടുകള്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് തകര്‍ന്നു.