India

അക്രമത്തിന് പ്രേരണ നല്‍കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കണം: കേന്ദ്രത്തോട് സുപ്രീം കോടതി

അക്രമത്തിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്ന ടെലിവിഷൻ പരിപാടികളും വാർത്തകളും നിയന്ത്രിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഇതുസംബന്ധിച്ച നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്രകോപനം ഉണ്ടാക്കാനുതകുന്ന കാര്യങ്ങള്‍ തടയുന്നത് ക്രമസമാധാന പാലനത്തിന്‍റെ ഭാഗമാണ്. ഇത്തരം കാര്യങ്ങളില്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. കോടതി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ പരാമര്‍ശം.

‘സത്യസന്ധമായി വാര്‍ത്ത അവതരിപ്പിക്കുന്ന രീതിയല്ല ഇവിടെ പ്രശ്നം, പ്രത്യേക ലക്ഷ്യത്തോടെ ആളുകളെ പ്രകോപിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത ചെയ്യുമ്പോഴാണ് അത് പ്രശ്നമാകുന്നത്’. ചീഫ് ജസ്റ്റിസ് എസ്‌.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ വർഷം ഡല്‍ഹിയില്‍ നടന്ന തബ്‍ലീഗി ജമാഅത്ത് സമ്മേളനത്തെ സംബന്ധിച്ച് മാധ്യമങ്ങൾ നല്‍കിയ വാര്‍ത്തകളെ അടിസ്ഥാനമാക്കി ജംഇയത്ത് ഉലമ-ഇ-ഹിന്ദ് സമർപ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. കോവിഡ് ഹോട്ട്‌സ്‌പോട്ടായി തബ്‍ലീഗ് സമ്മേളനം മാറിയെന്ന തരത്തില്‍ ഒരു വിഭാഗം മാധ്യമങ്ങൾ വർഗീയത പരത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു പരാതിക്കാരുടെ ഹരജി.