കൂനൂർ ഹെലികോപ്റ്റർ അപകടത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്. അട്ടിമറിയോ, യന്ത്രതകരാറോ പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഹെലികോപ്റ്റർ മേഘങ്ങൾക്ക് ഉള്ളിലേക്ക് കയറിയത് അപകടത്തിനിടയാക്കിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ സംയുക്ത സൈനിക മേധാവിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
ഡൽഹിയിൽ നിന്നും ബുധനാഴ്ച രാവിലെ ഒൻപത് മണിക്കാണ് ജനറൽ ബിപിൻ റാവത്തും സംഘവും പുറപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ രാജ്യത്തെ നടുക്കി ആ ദുരന്ത വാർത്ത പുറത്തുവന്നു. സംയുക്ത സൈനിക മേധാവിയും ഭാര്യയും ഉദ്യോഗസ്ഥ സംഘവും ഹെലികോപ്റ്റർ ദുരന്തത്തിൽ പെട്ടെന്നും ജനറൽ ബിപിൻ റവത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു വ്യോമസേന പുറത്ത് വിട്ട ആദ്യ ഔദ്യോഗിക വിവരത്തിൽ പറഞ്ഞിരുന്നത്. പിന്നീട് മണിക്കൂറുകൾക്ക് ശേഷം തന്നെ ജനറൽ ബിപിൻ റാവത്തിന്റെയും മറ്റ് 12 പേരുടെയും വിയോഗ വാർത്ത പുറത്ത് വന്നു.
അപകടത്തിൽ നിന്നും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടത്. എന്നാൽ ദിവസങ്ങൾ ശേഷം ഡിസംബർ 15ന് അദ്ദേഹവും വിടവാങ്ങുകയായിരുന്നു.