India National

പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം

അഴിമതിക്കേസുകളില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന് ഇന്ന് നിര്‍ണായക ദിനം. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കും. എയര്‍സെല്‍ മാക്സിസ് അഴിമതിക്കേസില്‍ ചിദംബരവും മകന്‍ കാര്‍ത്തിയും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഡല്‍ഹി റോസ് അവന്യൂ കോടതിയും ഉത്തരവിറക്കും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐയുടെ കസ്റ്റഡി റിമാന്‍ഡിനെതിരെ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി പരിഗണിക്കും.

ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായി കഴിഞ്ഞ രണ്ടാഴ്ചയായി സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുന്ന പി.ചിദംബരത്തിന് ഇന്ന് ആശ്വാസത്തിന്‍റെ ദിനമായിരിക്കുമോ? അതല്ല കൂടുതല്‍ ശക്തമായ കുരുക്കിലേക്കായിരിക്കുമോ മുന്‍ ധനമന്ത്രിയുടെ പോക്ക്. സുപ്രീംകോടതിയും ഡല്‍ഹി റോസ് അവന്യൂ കോടതിയും പുറപ്പെടുവിക്കുന്ന രണ്ട് ഉത്തരവുകള്‍ അതിനുത്തരം പറയും. ഐ.എന്‍.എക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന്‍റെ അറസ്റ്റില്‍ നിന്ന് രക്ഷതേടി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. അനുകൂല ഉത്തരവ് ലഭിച്ചാല്‍ ഇതേ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യം നേടി പുറത്തിറങ്ങാന്‍ വലിയ പ്രയാസമുണ്ടാകില്ല. ഹര്‍ജി തള്ളിയാല്‍ സി.ബി.ഐയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക് അവസരമൊരുങ്ങും.

രാവിലെ 10.30ന് ജസ്റ്റിസ് ആര്‍.ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിറക്കുന്നത്. സി.ബി.ഐയുടെ അറസ്റ്റും കസ്റ്റഡി റിമാന്‍ഡും ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇതേ ബെഞ്ച് വാദം കേള്‍ക്കും. ഉച്ചക്ക് രണ്ട് മണിക്ക് റോസ് അവന്യൂകോടതി എയര്‍സെല്‍-മാക്സിസ് കേിസല്‍ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും നല്‍കിയ മുന്‍കൂര്‍ ജാമ്യത്തില്‍ ഉത്തരവിറക്കുക. ജാമ്യം തള്ളിയാല്‍ കേസില്‍ ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്ന അറസ്റ്റ് സംരക്ഷണം അവസാനിക്കും. ഐ.എന്‍.എക്സ് മീഡിയ കേസിന് പിന്നാലെ മറ്റൊരു അഴിമതിക്കേസിലും ചിദംബരം അറസ്റ്റിലാകും. ഒപ്പം മകന്‍ കാര്‍ത്തി ചിദംബരവും.