മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് ഇന്നത്തെ ദിനം നിർണായകം. ഐ.എന്‍.എക്സ് മീഡിയ കേസിൽ സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകളിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഇന്ന് ചിദംബരത്തെ ഹാജരാക്കും.
സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്‍പാകെയാണ് സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും എതിരെ ചിദംബരം നൽകിയ ഹരജികൾ ഉള്ളത്. ഇ.ഡിയുടെയും സി.ബി.ഐടെയും കേസുകളിൽ ജാമ്യവും സി.ബി.ഐ അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം ചെയ്തുമാണ് ഹരജികള്‍. ഇ.ഡിയുടെ കേസിൽ അറസ്റ്റിൽ നിന്നുള്ള ഇടക്കാല ജാമ്യ കാലാവധി ഇന്ന് തീരും. അതിനാൽ ജാമ്യം നീട്ടണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകർ ആവശ്യപ്പെടും. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ സി.ബി.ഐ കേസിലും സമാന ആവശ്യമുന്നയിക്കും.
ചോദ്യം ചെയ്യൽ പൂർത്തിയായതോടെ റിമാൻഡിന്റെ ആവശ്യമില്ലെന്ന വാദം ചിദംബരം ഉയർത്തും. സി.ബി.ഐ കസ്റ്റഡിയുടെ നിയമസാധുതയും കോടതി പരിശോധിക്കും. കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ച കടുത്ത നിലപാട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത തെളിവുകൾ നിരത്തി ആവർത്തിക്കും. 23ന് കോടതിക്ക് നൽകിയിട്ടും സ്വീകരിക്കാതിരുന്ന ചിദംബരത്തിനെതിരെയുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ കൈമാറിയേക്കും. കൂടുതൽ ദിവസം കസ്റ്റഡി ആവശ്യമുണ്ടെന്ന് സി.ബി.ഐ അറിയിച്ചാൽ സുപ്രീംകോടതി നിലപാട് സുപ്രധാനമാകും.