India

വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം നടത്തി ജവാന്മാർ

കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സിആർപിഎഫ് ഉദ്യോഗസ്ഥർ. കോൺസ്റ്റബിൾ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സേനാംഗങ്ങൾ മുൻകൈയെടുത്ത് നടത്തിയത്. സിആർപിഎഫ് ജവാന്മാർ ശൈലേന്ദ്ര സിംഗിന്റെ സ്ഥാനത്ത് നിന്നാണ് ചടങ്ങുകൾ നടത്തിയത്. ഉത്തർപ്രദേശിൽ വച്ചായിരുന്നു ചടങ്ങുകൾ.

യൂണിഫോമിലായിരുന്നു ജവാൻമാർ വിവാഹത്തിനെത്തിയത്. മുതിർന്ന സഹോദരൻമാർ എന്ന നിലയിൽ സിആർപിഎഫ് ജവാൻമാർ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കുന്നു എന്നായിരുന്നു സിആർപിഎഫിന്റെ ട്വീറ്റ്.

സിആർപിഎഫ് 110 ബറ്റാലിയനിൽ കോൺസ്റ്റബിൾ ആയിരുന്ന ശൈലേന്ദ്ര പ്രതാപ് സിംഗ്, 2020 ഒക്ടോബർ 5ന് പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിലാണ് വീരമൃത്യു വരിച്ചത്. തങ്ങളുടെ സഹപ്രവർത്തകന്റെ അസാന്നിധ്യത്തിലും അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള ആദരസൂചകമായാണ് സഹപ്രവർത്തകർ കുടുംബാംഗത്തിന്റെ സ്ഥാനത്ത് നിന്ന് വിവാഹം നടത്തിയത്.