മധ്യപ്രദേശ് പി.സി.സി അധ്യക്ഷപദ തർക്കം പൊട്ടിത്തെറിയിലേക്കെത്തിയതോടെ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ. ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചർച്ച നടത്തും. കമൽനാഥിനെ നാളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
മധ്യപ്രദേശിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി പി.സി.സി അധ്യക്ഷ പദ തർക്കം രൂക്ഷമാകവെയാണ് സോണിയ ഗാന്ധിയുടെ ഇടപെടൽ. കമൽനാഥ് മുഖ്യമന്ത്രി ആയതിനാൽ പി.സി.സി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. സംസ്ഥാനത്തെ 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചതിൽ സിന്ധ്യക്കും പങ്ക് ഉണ്ടെന്നതിനാൽ അധ്യക്ഷപദം നല്കണമെന്ന് സിന്ധ്യ അനുഭാവികൾ വാദിക്കുന്നു.
സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും മാറ്റിനിർത്തിയാൽ മറ്റു വഴികൾ തേടേണ്ടിവരുമെന്ന് സിന്ധ്യ ഹൈക്കമാൻഡിനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ മുതിർന്ന നേതാവ് എന്ന നിലയിൽ കമൽനാഥും ആയി അടുത്ത ബന്ധം സോണിയ ഗാന്ധിയ്ക്ക് ഉണ്ട്. ഇരു നേതാക്കളും നിലപാടുകളിൽ ഉറച്ചുനിന്നാൽ പൊതുസമ്മതനായ നേതാവ് എന്ന രീതിയിലാകും ചർച്ചകൾ . അങ്ങിനെയെങ്കിൽ ദളിത് ആദിവാസി വിഭാഗത്തിൽ നിന്നുള്ള നേതാവ് വരാനാണ് സാധ്യത. പകരം സിന്ധ്യക്ക് രാജ്യസഭ സീറ്റ് നൽകിയേക്കാം. അതേസമയം സംഭവ വികാസങ്ങൾ പരിശോധിക്കാൻ നിയോഗിച്ച എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്കസമിതി അടുത്തയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.