India

ബിഹാറിൽ മുഖ്യമന്ത്രി പദവി ഏറ്റെടുക്കാന്‍ നിതീഷിന് വിമുഖത

ബിഹാറിൽ മുഖ്യമന്ത്രി പദം ഏറ്റെടുക്കാൻ നിതീഷ് കുമാറിന് വിമുഖത. മുതി‍ര്‍ന്ന ബി.ജെ.പി നേതാക്കൾ നിതീഷുമായി കൂടിക്കാഴ്ച നടത്തി. നേരത്തെയുള്ള പിന്തുണ ഉണ്ടാകുമെന്ന് ബിജെപി നേതാക്കൾ നിതീഷ് ഉറപ്പ് നൽകി. ആഭ്യന്തരവും വിദ്യാഭ്യാസവും അടക്കം പ്രധാന വകുപ്പുകളിൽ ബി.ജെ.പി ആവശ്യം ഉന്നയിക്കും.

നിതീഷ് കുമാര്‍ തന്നെയാണ് അടുത്ത മുഖ്യമന്ത്രിയെന്ന് ബി.ജെ.പി നേതാക്കൾ ആവര്‍ത്തിച്ച് പറയുമ്പോഴും ബിഹാറിൽ സര്‍ക്കാര്‍ രൂപീകരണം കീറാമുട്ടിയായി തുടര്‍ന്നേക്കും. മുഖ്യമന്ത്രി പദം വീതിക്കുന്ന കാര്യത്തിലും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും ഇരു പാര്‍ട്ടികൾക്കുമിടയിൽ ചര്‍ച്ച നടക്കുന്നതായാണ് വിവരം. എൽ.ജെ.പിയുമായി ബി.ജെ.പി സഖ്യം തുടരുന്നതിൽ ജെ.ഡി.യുവിനുള്ള അതൃപ്തിയും പ്രശ്നമാകും.

ദീപാവലിക്ക് ശേഷമേ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച ഒരു അന്തിമ തീരുമാനത്തിലേക്ക് പോകൂവെന്ന് ഇതിനകം തന്നെ ഇരു പാര്‍ട്ടി നേതാക്കന്മാരും വ്യക്തമാക്കിയിട്ടുണ്ട്. അത് ഇനിയും നീളാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുഖ്യമന്ത്രി പദം സംബന്ധിച്ചും സുപ്രധാന വകുപ്പുകളുടെ കാര്യത്തിലും സഖ്യകക്ഷികൾ തമ്മിൽ പെട്ടെന്ന് തീരുമാനമായേക്കില്ല.

സീറ്റ് നിലയിൽ ബി.ജെ.പിയുടെ പിന്നിലായിപ്പോയ ജെ.ഡി.യുവിന് മുഖ്യമന്ത്രി പദം നൽകിയാലും അഞ്ച് വര്‍ഷത്തേക്ക് തികച്ച് നൽകാൻ ബി.ജെ.പി തയ്യാറായേക്കില്ല. സുപ്രധാന വകുപ്പുകളും കാര്യത്തിലും തര്‍ക്കം തുടര്‍ന്നേക്കും. തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായിച്ച പാര്‍ട്ടി എം.എൽ.എമാരെ തൃപ്തിപ്പെടുത്തേണ്ട ബാധ്യത ബി.ജെ.പിക്കുണ്ടാകും.

അതേസമയം മാന്ത്രിക സംഖ്യ മറികടക്കാൻ സഹായിച്ച ചെറു പാര്‍ട്ടികളായ വികാസ് ശീൽ ഇൻസാൻ പാര്‍ട്ടി, മുൻ മുഖ്യമന്ത്രി ഹിന്ദുസ്ഥാൻ അവാം മോര്‍ച്ച എന്നീ പാര്‍ട്ടികളുടെ ആവശ്യവും നിര്‍ണായകമാകും. മന്ത്രിസഭയിൽ മോശമല്ലാത്ത പ്രാതിനിധ്യം ഇരു പാര്‍ട്ടികളും മുന്നോട്ടുവെക്കും. ജെ.ഡി.യുവിനെതിരെ പ്രചാരണം നടത്തി മത്സരിച്ച എൽ.ജെ.പിയോട് ബി.ജെ.പി എന്ത് നിലപാട് സ്വീകരിക്കും എന്നതും സര്‍ക്കാര്‍ രൂപീകരണത്തിൽ നിര്‍ണായകമാകും. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾ പ്രതിപക്ഷവും സൂക്ഷ്മമായി നിരീക്ഷിച്ച് വരുന്നതായാണ് വിവരം.