India National

കര്‍ണാടകയില്‍ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ രാജിയ്ക്ക് സാധ്യത, തക്കം നോക്കി വീഴ്ത്താന്‍ ബി.ജെ.പി

രണ്ട് എം.എല്‍.എമാരുടെ രാജിയ്ക്കു പിന്നാലെ കൂടുതല്‍ പ്രതിസന്ധിയിലായി കര്‍ണാടകയിലെ സഖ്യ സര്‍ക്കാര്‍. കൂടുതല്‍ പേര്‍ രാജിവെച്ച് ബി.ജെ.പി പാലയത്തിലെത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസ് – ജെ.ഡി.എസ് സര്‍ക്കാറിനെ വലയ്ക്കുന്നത്. അനുകൂല സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ രൂപീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി.

ഓപ്പറേഷന്‍ കമലയിലൂടെ സഖ്യസര്‍ക്കാറിനെ വീഴ്ത്താനുളള ശ്രമങ്ങള്‍ ബി.ജെ.പി തുടങ്ങിയിട്ട് മാസങ്ങളായി. നേരത്തെ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നെങ്കിലും മന്ത്രിസഭാ വികസനത്തോടെ, കാര്യങ്ങള്‍ തകിടം മറിഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ആനന്ദ് സിങും രമേഷ് ജാര്‍ക്കിഹോളിയും എം.എല്‍.എ സ്ഥാനം രാജിവെച്ചു. ജെ.എന്‍.ഗണേഷ്, നാഗേന്ദ്ര, ബി.പി. പാട്ടീല്‍ എന്നീ എം.എല്‍.എമാരെ കാണാനില്ല. കോണ്‍ഗ്രസിന് ബന്ധപ്പെടാന്‍ സാധിയ്ക്കാത്ത വിധത്തില്‍ ഈ മൂന്നു പേരെയും മാറ്റി.

രമേശ് ജാര്‍ക്കിഹോളിയ്ക്കൊപ്പം ഏഴ് എം.എല്‍.എമാര്‍ രാജിവെയ്ക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. പത്തില്‍ കൂടുതല്‍ എം.എല്‍.എമാര്‍ രാജിവെച്ചാല്‍ സഖ്യ സര്‍ക്കാറിനെ വീഴ്ത്താന്‍ ബി.ജെ.പിയ്ക്ക് സാധിയ്ക്കും. ഒഴിവു വരുന്ന മണ്ഡലങ്ങളില്‍ രാജി വെച്ചവരെ മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 225 ആണ് സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 117 ഉം ബി.ജെ.പിയ്ക്ക് 107 പേരുടെയും പിന്തുണയാണ് ഇപ്പോഴുള്ളത്.