India

ഹൈക്കോടതി അനുമതി ഇല്ലാതെ ജനപ്രതിനിധികള്‍ക്ക് എതിരായ ക്രിമിനൽ കേസ്‌ പിൻവലിക്കരുത്: സുപ്രിം കോടതി

ഹൈക്കോടതികളുടെ അനുമതിയില്ലാതെ എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ പിൻവലിക്കരുതെന്ന സുപ്രധാന ഉത്തരവുമായി സുപ്രിം കോടതി. 2020 സെപ്റ്റംബർ 16ന് ശേഷം പിൻവലിച്ച കേസുകൾ ഹൈക്കോടതികൾ പരിശോധിക്കണം. നിയമസഭാ കയ്യാങ്കളി കേസ് വിധിയുടെ അടിസ്ഥാനത്തിലാകണം പരിശോധനയെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

ജനപ്രതിനിധികൾ പ്രതികളായ കേസുകളിൽ അതിവേഗ വിചാരണ ഉറപ്പാക്കണമെന്ന പൊതുതാൽപര്യഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിർദേശങ്ങൾ നൽകിയത്.

കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാന വിഷയമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എം.പിമാരും, എം.എൽ.എമാരും പ്രതികളായ കേസുകൾ അതത് സംസ്ഥാനങ്ങളിലെ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുത്. ജനപ്രതിനിധികൾ പ്രതിപട്ടികയിലുള്ള കേസുകളുടെ വിവരങ്ങൾ കൈമാറാൻ ഹൈക്കോടതി റജിസ്ട്രാർമാർക്ക് നിർദേശം നൽകി.

കൂടാതെ പ്രത്യേക കോടതി ജഡ്ജിമാർ ഇനിയൊരു ഉത്തരവുണ്ടാകും വരെ സർവീസിൽ തുടരണമെന്നും സുപ്രിം കോടതി ​ഉത്തരവിട്ടു. റിട്ടയർമെന്റ് പ്രശ്നങ്ങൾ ഹൈക്കോടതി നോക്കണമെന്നും നിർദേശം നൽകി. പൊതുതാത്പര്യഹർജി ഈമാസം 25ന് വീണ്ടും പരിഗണിക്കും.