കേരളത്തില്‍ ഇടതുപക്ഷം കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന കോയമ്പത്തൂരില്‍ സി.പി.എം മികച്ച വിജയമാണ് നേടിയത്. ഡി.എം.കെ മുന്നണിയുടെ ഭാഗമായി മത്സരിച്ച് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പി.ആര്‍ നടരാജന്‍ വിജയിച്ചത്. ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരമാണ് കോയമ്പത്തൂരില്‍ നടന്നത്.
രാജ്യത്തുതന്നെ സി.പി.എമ്മിന്‍റെ ശക്തികേന്ദ്രമായ കേരളത്തില്‍ അടിപതറിയപ്പോള്‍ തമിഴ്നാട്ടില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും സി.പി.എം വിജയിച്ചു. സി.പി.ഐ രണ്ട് മണ്ഡലങ്ങളിലും വിജയം കൈവരിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 34,197 വോട്ട് മാത്രം നേടി അഞ്ചാം സ്ഥാനത്തായിരുന്ന സി.പി.എം ഇത്തവണ 1,79000 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.
മുമ്പ് രണ്ട് തവണ ബി.ജെ.പി എം.പിയായിരുന്ന രാധകൃഷ്ണന്‍ സി.പിയെയാണ് സി.പി.എം സ്ഥാനാര്‍ഥി നടരാജന്‍ പരാജയപെടുത്തിയത്. നേരത്തെ ഒരു തവണ നടരാജന്‍ കോയമ്പത്തൂരില്‍ നിന്നും വിജയിച്ചിരുന്നു.
കഴിഞ്ഞ തവണ കോയമ്പത്തൂരില്‍ ഒന്നാം സ്ഥാനത്തുള്ള എ.ഡി.എം.കെയും, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പിയെയും അട്ടിമറിച്ചാണ് സി.പി.എം ചരിത്ര വിജയം നേടിയത്. 2014 ലോക്സഭ തെരഞ്ഞെടുപ്പില്‍ 8,21418 വോട്ട് എ.ഡി.എം.കെയും, ബി.ജെ.പിയും ചേര്‍ന്ന് സ്വന്തമാക്കിയിരുന്നു. അന്ന് മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന ഡി.എം.കെ, നലാം സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ്, അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന സി.പി.എം എന്നിവര്‍ ഒരുമിച്ചു മുന്നണിയായപ്പോള്‍ ചരിത്ര വിജയം നേടനായി.
ബി.ജെ.പിയെ നേരിട്ട് തോല്‍പ്പിച്ച കോയമ്പത്തൂരിലെ വിജയം സി.പി.എം രാജ്യത്ത് നേടിയ ഏറ്റവും തിളക്കമുള്ള വിജയമാണ്.