India

ഡല്‍ഹി കലാപം: അമിത് ഷായിലേക്ക് വിരല്‍ചൂണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് പിന്നാലെ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന അക്രമങ്ങളെ കുറിച്ചുള്ള സിപിഎം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. അക്രമത്തിന്‍റെ തീവ്രത കൂടാന്‍ അമിത് ഷായുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പങ്കുവഹിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ആണ് ‘വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗീയ കലാപം- വസ്തുതാന്വേഷണ റിപ്പോര്‍ട്ട്’ പുറത്തിറക്കിയത്.

ഡല്‍ഹിയില്‍ ഫെബ്രുവരിയില്‍ സംഭവിച്ചതിനെ കലാപം എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുപക്ഷത്തിനും തുല്യപങ്കാളിത്തമുള്ളപ്പോഴാണ് കലാപം എന്ന് വിളിക്കുക. ഇവിടെ ആക്രമണം ഹിന്ദുത്വവാദികളില്‍ നിന്നായിരുന്നു. മറുവശത്ത് ആ ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷപ്പെടാനുള്ള തീവ്രശ്രമമാണ് നടന്നത്. മിക്കവാറും എല്ലാ പ്രദേശങ്ങളിലും പൊലീസ് ഹിന്ദുത്വ ശക്തികള്‍ക്കൊപ്പമായിരുന്നു എന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ടെന്നും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹി കലാപം: അമിത് ഷായിലേക്ക് വിരല്‍ചൂണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

53 പേർ കൊല്ലപ്പെട്ടു. 40 മുസ്‍ലിംകളും 13 ഹിന്ദുക്കളും. ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നുവെന്നാണ് 2020 മാർച്ച് 11ന് അമിത് ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത്. അക്രമം വര്‍ധിച്ചിട്ടും ഫെബ്രുവരി 24 മുതൽ എന്തുകൊണ്ട് കര്‍ഫ്യു ഏര്‍പ്പെടുത്തിയില്ല? എന്തുകൊണ്ട് സൈന്യത്തെ വിന്യസിച്ചില്ല? ഡല്‍ഹി പൊലീസിന്‍റെയും റാപിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും അധിക വിന്യാസം പോലും അപര്യാപ്തമായിരുന്നുവെന്ന് മാത്രമല്ല, വളരെ വൈകുകയും ചെയ്തെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

വസ്തുതാന്വേഷണ സംഘം 400 പേരുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയത് വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അക്രമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് തന്നെ ആഭ്യന്തര മന്ത്രി കണ്ടെത്തലുകൾ മാർച്ച് 11ന് പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചു. തുടർന്നുള്ള അന്വേഷണം ഈ വിശദീകരണത്തെ ശരിവെയ്ക്കുന്നതിനും സാധൂകരിക്കുന്നതിനും മാത്രമായിരുന്നുവെന്നും വസ്തുതാന്വേഷണ സംഘം വിശദീകരിക്കുന്നു.

ഡല്‍ഹി കലാപം: അമിത് ഷായിലേക്ക് വിരല്‍ചൂണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

രാജ്യദ്രോഹികളെ വെടിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവര്‍ ഹിന്ദുക്കളുടെ വീടുകളിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയോ കൊല്ലുകയോ ചെയ്യുമെന്നുമൊക്കെയുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ അമിത് ഷാ തള്ളിക്കളഞ്ഞു. യഥാർഥ വിദ്വേഷ പ്രസംഗങ്ങളായി താന്‍ കരുതുന്നവ ഷാ വിശദീകരിച്ചു. 2019 ഡിസംബർ 14ന് കോൺഗ്രസ് നേതാക്കളുടെ റാലിയില്‍ ഇതൊരു ജീവന്മരണ പോരാട്ടമാണെന്നും എല്ലാവരോടും തെരുവിലിറങ്ങാനും ആവശ്യപ്പെട്ടതാണ് അക്രമത്തിന് കാരണമായി ഷാ ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷത്തിന്‍റെ റാലിയെയും ന്യൂനപക്ഷങ്ങളെയുമാണ് ഷാ കുറ്റപ്പെടുത്തിയത്. കലാപത്തെ ആസൂത്രിതമായ ഗൂഢാലോചന എന്നാണ് ഷാ വിശേഷിപ്പിച്ചത്. 36 മണിക്കൂറിനുള്ളിൽ അക്രമം നിയന്ത്രിച്ചതിന് പൊലീസിനെ പ്രശംസിക്കുകയും ചെയ്തു.

പശ്ചിമ ഡല്‍ഹിയിലെ ബിജെപി എംപി പർവേഷ് വെർമയെ ഉദ്ധരിച്ച് പിടിഐ ജനുവരി 28ന് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്- “കശ്മീരിൽ കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ചത് ഡല്‍ഹിയിലും സംഭവിക്കാം. ലക്ഷക്കണക്കിന് ആളുകൾ ഷഹീൻ ബാഗിൽ ഒത്തുകൂടുന്നു. അവർക്ക് നിങ്ങളുടെ വീടുകളിൽ പ്രവേശിക്കാനും നിങ്ങളുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യാനും കൊല്ലാനും കഴിയും. ജനങ്ങൾ ഇപ്പോൾ തീരുമാനിക്കേണ്ടതുണ്ട്”

ഡല്‍ഹി കലാപം: അമിത് ഷായിലേക്ക് വിരല്‍ചൂണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണത്തിൽ നിന്ന് പര്‍വേഷ് വെർമ, കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബിജെപി സ്ഥാനാർഥി കപിൽ മിശ്ര എന്നിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കുകയുണ്ടായി. വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കുള്ള ശിക്ഷയായിരുന്നു അത്. ഈ മൂന്ന് പേര്‍ക്കുമെതിരെ പൊലീസ് നടപടിയെടുക്കാതിരുന്നത് സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്താനുള്ള ലൈസൻസ് ആയി മാറിയെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ജൂലിയോ റിബെറോ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഫെബ്രുവരി 23ന് മിശ്ര നടത്തിയ പ്രസംഗത്തിന് പുറമെ ഫെബ്രുവരി 21ലെ ശിവരാത്രി ഘോഷയാത്രകളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇരകള്‍ക്ക് ഭാഗികമായി മാത്രം നഷ്ടപരിഹാരം നല്‍കിയ ഡല്‍ഹി സർക്കാരിനെതിരെയും വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അക്രമങ്ങളെ കുറിച്ച് വിരമിച്ച ഹൈക്കോടതി ജഡ്ജി സ്വതന്ത്ര അന്വേഷണം നടത്തണമെന്നും വസ്തുതാന്വേഷണ സംഘം ആവശ്യപ്പെടുന്നു.

കടപ്പാട്- ടെലഗ്രാഫ്