India National

‘നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്റർ, ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ കുപ്രസിദ്ധ റെക്കോർഡ്’; സിപിഐഎം

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ നിതീഷ് കുമാർ കുപ്രസിദ്ധ റെക്കോർഡ് സൃഷ്ടിച്ചു. പ്രതിപക്ഷ ഐക്യത്തിൻ്റെ ശിൽപിയായ നിതീഷ് കുമാർ എങ്ങനെ ആറ് മാസത്തിനുള്ളിൽ ബിജെപിക്ക് ഒപ്പമെത്തി. നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗ്യമെന്ന് സിപിഐഎം പറഞ്ഞു. പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്റോറിയലിലാണ് വിമർശനം.

നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്ററാണ്. ബിജെപിയുമായി കൂടുതൽ വിലപേശാൻ കൺവീനർഷിപ്പ് ഉപയോഗിക്കുമായിരുന്നു. ബിജെപിയും മോദി സർക്കാരും കൂറുമാറ്റക്കാരാൽ നിറഞ്ഞത്. ബിഹാർ ഓപ്പറേഷൻ ബിജെപിയുടെ ആശങ്കകളുടെയും അരക്ഷിതാവസ്ഥയുടെയും സൂചനയാണ്. ബിജെപിയുമായി സഖ്യമുണ്ടാക്കിയ മറ്റ് പ്രാദേശിക പാർട്ടികളുടെ വിധി ജെഡിയുവിനും ഉണ്ടാകും. നിതീഷിന്റ നടപടി മഹാഗത്ബന്ധൻ്റെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുമെന്നും സിപിഐഎം വിമർശിച്ചു.

ബിഹാറിൽ ബി.ജെ.പി സഖ്യത്തോടൊപ്പം ചേർന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻപുണ്ടായിരുന്നിടത്ത് തിരിച്ചെത്തിയെന്ന് നിതീഷ് കുമാർ പ്രതികരിച്ചിരുന്നു. ഉണ്ടായിരുന്നയിടത്ത് തന്നെ തിരിച്ചെത്തിയെന്നും ഇനിയെങ്ങോട്ട് എന്ന ചോദ്യമില്ലെന്നും നിതീഷ് കുമാർ പറഞ്ഞിരുന്നു.

ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. 2020ൽ ജെ.ഡി.യു-എൻ.ഡി.എ സഖ്യം അധികാരത്തിലെത്തിയപ്പോൾ എൻ.ഡി.എക്കൊപ്പമായിരുന്ന നിതീഷ് 2022ലാണ് ജെ.ഡി.യു-ആർ.ജെ.ഡി, കോൺ​ഗ്രസ്, ഇടത് പാർട്ടികൾ എന്നിവയുൾപ്പെടുന്ന മഹാ​ഗഡ്ബന്ധനൊപ്പം ചേരുന്നതും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതും. ഈ മഹാസഖ്യത്തെ ഉപേക്ഷിച്ചാണ് നിതീഷിന്റെ ഒടുവിലെ കൂറുമാറ്റം.