ത്രിപുരയിൽ വിവിധയിടങ്ങളിൽ ഇന്നലെയുണ്ടായ സിപിഐഎം -ബി.ജെ.പി സംഘർഷത്തിൽ 10 ഓളം പേർക്ക് പരിക്ക്. സംസ്ഥാനകമ്മിറ്റി ഓഫിസ് അടക്കം രണ്ട് സിപിഐഎം ഓഫീസുകൾ അഗ്നിക്കിരയാക്കി. ആറോളം വാഹനങ്ങൾ കത്തിച്ചു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഷാൽഘട്ട്, അഗർത്തല, ഹപാനിയ, ഉദയ്പൂർ എന്നിവിടങ്ങളിലെ ഓഫീസുകൾ കൊള്ളയടിക്കപ്പെട്ടു. (cpim bjp spat tripura)
തിങ്കളാഴ്ച സെപാഹിജാല ജില്ലയിൽ ഇരു വിഭാഗവും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനത്ത് സിപിഐഎമ്മും ബിജെപിയും തമ്മിൽ നിലനിന്നിരുന്ന സംഘർഷത്തിന്റെ തുടർച്ചയാണ് ഇന്നലെ അരങ്ങേറിയത്. സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെടുമ്പോൾ പാർട്ടി കൺവീനർ ബിജാൻധർ ഓഫിസിലുണ്ടായിരുന്നു. രാഷ്ട്രീയ പ്രവർത്തനം നിർത്തിക്കൊള്ളണമെന്ന് ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ബിജാൻധർ ആരോപിച്ചു. സംഭവത്തെ പോളിറ്റ്ബ്യൂറോ അപലപിച്ചു.