India

കൊവിഷീല്‍ഡിന് ഒരു മാസത്തിനുള്ളില്‍ ഇഎംഎ അംഗീകാരം ലഭിക്കുമെന്ന് അദര്‍ പൂനെവാല

കൊവിഷീല്‍ഡ് വാക്‌സിന് ഒരു മാസത്തിനുള്ളില്‍ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയുടെ അംഗീകാരം ലഭിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല. കൊവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യൂറോപ്പിലേക്കുള്ള യാത്രകളില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കാര്യം അറിയിച്ചത്. കൊവിഷീല്‍ഡിന്റെ അംഗീകാരത്തിനായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിക്ക് ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, കൊവിഷീല്‍ഡ് യൂറോപ്യന്‍ യൂണിയന്റെ പാസ്സ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന വിഷയം സംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇത് സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രയ്ക്ക് തടസമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദര്‍ പൂനാവാല വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തെഴുതിയിരുന്നു. ഫൈസര്‍, മൊഡേണ, ഓക്‌സ്ഫഡ് -ആസ്ട്രസെനകയുടെ വാക്സെര്‍വ്രിയ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ നാല് വാക്സിനുകള്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ പാസ്പോര്‍ട്ട് നല്‍കുന്നതും പകര്‍ച്ചവ്യാധി സമയത്ത് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതും.