രാജ്യത്ത് കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദഗ്ധ സമിതി.. നിലവില്‍ 12 മുതല്‍ 16 വരെ ആഴ്ചയാണ് കൊവിഷീല്‍ഡ് വാക്സിന്‍ ഡോസുകളുടെ ഇടവേള. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അടുത്ത രണ്ട് മാസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് ഡോസ് വാക്‌സിനെടുത്താലും മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണം. കേരളത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഫലപ്രാപ്തിക്ക് വേണ്ടിയാണ് കൊവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഇടവേള ഇത്രയും ദീര്‍ഘിപ്പിച്ചതെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.
84 ദിവസത്തിന് മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. വാക്‌സിന്‍ ക്ഷാമം മൂലമല്ല ഇടവേള വര്‍ധിപ്പിച്ചതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
അതേസമയം രണ്ട് ഡോസ് കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മൂന്നാമത് ഒരു ഡോസ് എടുക്കാന്‍ നിലവില്‍ വ്യവസ്ഥയില്ലെന്ന് മറ്റൊരു ഹര്‍ജിയില്‍ കേന്ദ്രം വ്യക്തമാക്കി.കൊവാക്‌സിന്‍ എടുത്തതിനാല്‍ സൗദിയില്‍ പോകാന്‍ തടസം നേരിട്ടെന്നും വിദേശത്ത് അനുമതിയുള്ള വാക്‌സിന്‍ എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.