ഡൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനം ഗുരുതരമായതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കി. പരിശോധന വർധിപ്പിക്കാനും ഐസിയു ബെഡുകളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുറവ് നികത്താനും നടപടി ആരംഭിച്ചു.
ഡല്‍ഹിയില്‍ മൂന്നാം ഘട്ട കോവിഡ് വ്യാപനവും മലീനീകരണവും രൂക്ഷമായതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിരോധ നടപടികള്‍ ഊർജിതമാക്കിയത്. ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ ലഭ്യമാക്കും. സിഎപിഎഫിൽ നിന്നും ആരോഗ്യപ്രവർത്തകരെ എത്തിക്കും. നേരിയ ലക്ഷണങ്ങള്‍ ഉള്ളവർക്ക് ചികിത്സക്കായി എംസിഡി ആശുപത്രികളെ സജ്ജമാക്കും. കോവിഡ് പരിശോധന ഇരട്ടിയാക്കി പരിശോധന ഒരു ലക്ഷത്തിലധികമാക്കും.പരിശോധന കുറവുള്ളിടങ്ങളില്‍ ടെസ്റ്റിങ് വാനുകള്‍ എത്തിക്കും. സ്വകാര്യ ആശുപത്രികളിലെ ചികിത്സ വിലയിരുത്താന് മള്‍ട്ടി ഡിപ്പാർട്ട്മെന്റ് ടീമുകളും രൂപീകരിച്ചിട്ടുണ്ട്.
ഇന്നലെ മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 95 മരണവും 3235 കേസുകളും ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 2544ഉം തമിഴ്നാട്ടില്‍ 1819ഉം കർണാടകയില്‍ 1,565ഉം ആണ് പുതിയ കേസുകള്‍. രോഗബാധ കുറഞ്ഞതോടെ മഹാരാഷ്ട്രയില്‍ ഇന്ന് മുതല്‍ ആരാധനാലയങ്ങൾ തുറക്കും. അതേസമയം രാജ്യത്ത് ആകെ കേസുകള്‍ 8,854,579ഉം മരണം 130,085ഉം കടന്നു. 4,79,216 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് ഉയർന്ന് 93.05 ശതമാനം ആയി.