India National

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു; ആന്ധ്രയില്‍ സ്ഥിതി രൂക്ഷം

ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും 50,000നടുത്തെത്തിയേക്കും. ലോകത്ത് ഉയർന്ന രോഗ ബാധ നിരക്കുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ മഹാരാഷ്ട്രയെ മറികടന്ന് പ്രതിദിന കണക്കിൽ ആന്ധ്ര മുന്നിലെത്തി.

24 മണിക്കൂറിനിടെ ആന്ധ്രയിൽ 7948 ഉം മഹാരാഷ്ട്രയിൽ 7717 ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി രണ്ടാംദിവസവും രോഗികളെക്കാള്‍ കൂടുതല്‍ പേർ രോഗമുക്തരായി.

24 മണിക്കൂറിനിടെ 10,333 പേര്‍ക്ക് രോഗം ഭേദമായി. കർണാടകയിൽ 5000 ലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 2000 കടന്നു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 1056 രോഗബാധിതർ ഉണ്ടായി.

അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 22,205 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 261 മരണം കൂടി റിപ്പോര്‍ട്ടു ചെയ്തു. കര്‍ണാടകയില്‍ മരണം രണ്ടായിരം കടന്നു. 5536 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.തമിഴ്നാട്ടില്‍ 88 പേര്‍ കൂടി മരിച്ചു.

മരണസംഖ്യ 3659 ആയി. 6972 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 2,27,688 ആണ് ആകെ രോഗബാധിതര്‍. ആന്ധ്രാപ്രദേശില്‍ 7948 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതര്‍ 1,10,297 ആയി. 58 മരണം റിപ്പോര്‍ട്ടു ചെയ്തു. തെലങ്കാനയില്‍ 1610 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.