India National

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനമായി

രോഗികളുടെ എണ്ണം 20000 കടന്ന നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നിരക്ക് 50 ശതമാനമായി ഉയർന്നു. അതേസമയം രോഗബാധിതരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ ദിവസം 9987 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2,60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 331 പേരാണ് രാജ്യത്ത് മരിച്ചത്.

രാജ്യത്ത് കോവിഡ് റിപ്പോർട്ട്‌ ചെയ്യപ്പെട്ട ശേഷം ആദ്യമായാണ് 24 മണിക്കൂറിനുള്ളിൽ 300ന് മുകളിൽ ആളുകൾ മരിക്കുന്നത്. ഇതോടെ മരണ സംഖ്യ 7466 ആയി. ഇതുവരെ 2,66,598 ആളുകൾക്ക് രോഗം ബാധിച്ചു. 1,29,917 പേരാണ് ചികിത്സയിൽ ഉള്ളത്. രോഗമുക്തിയുടെ കാര്യത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. 50 ശതമാനത്തോളം പേർക്ക് രോഗം മാറി. അതായത് 1,29,215 പേർ.

രോഗികളുടെ എണ്ണം 20000 കടന്ന നാല് സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി, ഗുജറാത്ത് എന്നിവയാണ് നാല് സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയിൽ രോഗികൾ 90,000ത്തിലധികമായി. 24 മണിക്കൂറിനുള്ളിൽ 2259 പുതിയ കേസുകളും 120 മരണവും റിപ്പോർട്ട് ചെയ്തു. എന്നാൽ സംസ്ഥാനത്തെ ലോക്ഡൗൺ ഇളവുകൾ ഘട്ടം ഘട്ടമായി നടപ്പാക്കുന്നു. നിയന്ത്രണവിധേയമായി വ്യായാമം, മാളുകൾ ഒഴികെയുള്ള മാർക്കറ്റുകൾ, പത്രവിതരണം, അച്ചടി എന്നിവയ്ക്ക് അനുമതി നൽകിയിട്ടുണ്ട്.

ഡൽഹിയിൽ 29,000 ആയി കോവിഡ് കേസുകൾ. ഗുജറാത്തിൽ ആകെ കേസ് 21,044. പുതിയ കേസ്- 470. മരണം-1313. യുപിയിൽ 389 പുതിയ കേസുകളും ഝാർഖണ്ഡിൽ 1330 കേസുകളും റിപ്പോർട്ട് ചെയ്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രോഗം വ്യാപിക്കുന്നതാണ് മറ്റൊരു ആശങ്ക. അസമിൽ 33ഉം മണിപ്പൂരിൽ 10ഉം പുതിയ കേസുകൾ സ്ഥിരീകരിച്ചു.

കോവിഡ് പ്രതിരോധം ശക്തമാക്കാനാകാതെ കെജ്‍രിവാൾ സർക്കാർ

ഡൽഹിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാകാതെ കെജ്‍രിവാൾ സർക്കാർ. രോഗബാധ നിരക്ക് 27.21 ശതമാനത്തിലേക്ക് ഉയർന്നിട്ടും കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത് 3700 കേസുകൾ മാത്രം. ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ സ്വകാര്യ ആശുപത്രികൾ കിടക്കകൾ സംബന്ധിച്ച വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന് സർക്കാർ ഉത്തരവിട്ടു.

സമൂഹ വ്യാപനം നടന്നതായി ഡൽഹി സർക്കാർ ആവർത്തിക്കുന്നു. പക്ഷേ കേന്ദ്രം അംഗീകരിച്ചിട്ടില്ല. പ്രതിദിനം ആയിരത്തിലധികം കേസുകളും പത്തിലധികം മരണവും റിപ്പോർട്ട് ചെയ്യുന്നത് തുടരുന്നതിനാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കെജ്‌രിവാൾ സർക്കാർ.

രോഗവ്യാപന നിരക്ക് 27.21ൽ എത്തി. ഒരാഴ്ചകൊണ്ട് 10.96%ന്റെ വർധനവ്. അതേസമയം പരിശോധനാ നിരക്ക് അനുദിനം പുറകോട്ടു പോവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധിച്ചത് 3700 സാമ്പിളുകൾ. ഇതിന് മുൻപുള്ള മൂന്ന് ദിവസം 5000ന് മുകളിലും മെയ് 28, 29 തീയതികളിൽ 7600ന് മുകളിലും സാമ്പിളുകൾ പരിശോധിച്ചിരുന്നു. രോഗ വ്യാപനവും പരിശോധനയും തമ്മിലുള്ള അന്തരം ചികിത്സാ മേഖല സർക്കാർ കൈപ്പിടിക്കപ്പുറമായതിന് തെളിവാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് ഇടയിലെ രോഗബാധ ചികിത്സാരംഗത്തെ ബാധിച്ചിട്ടുണ്ട്. കിടക്കകൾ ലഭിക്കുന്നില്ലെന്ന പരാതി ശക്തമായതോടെ എല്ലാ സ്വകാര്യ ആശുപത്രികളും ഒഴിവുള്ള കിടക്കകൾ സംബന്ധിച്ച വിവരങ്ങൾ ഫ്ലക്സ് ബോർഡുകളിൽ ഗേറ്റിനു മുന്നിൽ സ്ഥാപിക്കണമെന്ന് സർക്കാർ നിർദേശിച്ചു.

22 സ്വകാര്യ ആശുപത്രികൾ കൂടി 20 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിട്ടുണ്ട്. ഇത് വഴി 3456 കിടക്കകൾ ലഭിക്കും. ഇതിനിടെ നിയന്ത്രിത മേഖലകൾ 237 ആയി. 35 എണ്ണം നോർത്ത് ഡൽഹിയിലാണ്.