തെലങ്കാനയിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയുണ്ടാകുന്നത്.
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിലായി ഇന്നലെ മാത്രം എട്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 48 മണിക്കൂറിനിടെ 19 മരണങ്ങളാണ് ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 633 പേര്‍ രോഗബാധിതരായി. തമിഴ്നാട്ടില്‍ കോയമ്പേട് മാര്‍ക്കറ്റിലെ സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപിക്കുമ്പോള്‍ തെലങ്കാനയിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയുണ്ടാകുന്നത്. നാല് സംസ്ഥാനങ്ങളിലെ മരണസംഖ്യ 178 ആയി.
തമിഴ്നാട്ടിലെ 509 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 380 പേരും ചെന്നൈയിലാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് മരണങ്ങളും ചെന്നൈയില്‍ തന്നെ. കഴിഞ്ഞ ദിവസം 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണകി നഗറില്‍ ഇന്നലെ എട്ട് പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. കൂടുതല്‍ ആളുകളെ പരിശോധിക്കുന്നുണ്ട്. കണ്ണകി നഗറിന് സമീപത്തെ കോളനിയിലും ഇന്നലെ അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോയമ്പേട് മാര്‍ക്കറ്റ് അടയ്ക്കാന്‍ വ്യാപാരികള്‍ തയ്യാറാകാത്തതാണ് വലിയ തോതിലുള്ള രോഗബാധയ്ക്ക് കാരണമായതെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പറഞ്ഞു. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 9227 ആണ്. മരണസംഖ്യ 64 ആയി. കര്‍ണാടകയില്‍ ഇന്നലെ 34 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 33 ആയി. 959 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.
തെലങ്കാനയില്‍ 41 പേര്‍ക്ക് രോഗം കണ്ടെത്തി. രണ്ട് പേര്‍ കൂടി മരിച്ചു. 34 ആണ് മരണ സംഖ്യ. രോഗബാധിതരുടെ എണ്ണം 1367 ആയി. ആന്ധ്ര പ്രദേശിലും ഇന്നലെ ഒരാള്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 47 ആയി. 48 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതര്‍ 2137 ആയി. പുതുച്ചേരിയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി രോഗം കണ്ടെത്തി. സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇതോടെ പതിമൂന്നായി.