കോവിഡ് ബാധയുടെ സാഹചര്യത്തിൽ സെൻസസ് – എൻ.പി.ആർ നടപടികൾ കേന്ദ്ര സർക്കാർ നിര്‍ത്തി വച്ചേക്കും. ഏപ്രിൽ ഒന്നിനായിരുന്നു സെൻസസ് നടപടികൾ തുടങ്ങേണ്ടിയിരുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടാകും.
ആരോഗ്യ വകുപ്പിൻ്റെ പുതിയ മാർഗനിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് സെൻസസ് നടപടികൾ നിര്‍ത്തിവെക്കാൻ ആലോചിക്കുന്നത്. ജനങ്ങളുമായി സമ്പർക്കം ഉണ്ടാകുന്ന പരിപാടികൾ നിര്‍ത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് നിർദ്ദേശം. ഡൽഹി, ഒഡീഷ സർക്കാരുകൾ ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന് കത്തെഴുതിയിരുന്നു.
ഒരു മാസമെങ്കിലും സെൻസസ് നടപടികൾ നീട്ടി വെക്കണമെന്നായിരുന്നു അഭ്യർഥന. രാഷ്ട്രപതി രാം നാഥ് കോവിന്ദായിരുന്നു ആദ്യമായി എൻ.പി.ആർ – സെൻസസിൽ ആദ്യമായി വിവരശേഖരണം നടത്തേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ച നിര്‍ത്തി വച്ചിരിക്കുകയാണ്.
സെൻസസിൻ്റെ ഭാഗമായി എന്യുമറേറ്റർമാർ വീടുകൾ തോറും സന്ദർശിച്ച് വിവരശേഖരണം നടത്തുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഡിസമ്പറിലാണ് ഏപ്രിൽ മുതൽ സെപ്റ്റമ്പർ വരെ എൻ.പി.ആർ – സെൻസസ് വിവരശേഖരണം നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെ രാജ്യമെങ്ങും പ്രതിഷേധം നടന്നു വരികയാണ്.