രാജ്യത്ത് അതിതീവ്ര കൊവിഡ് വ്യാപനം. ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. അതിൽ ബംഗളൂരുവിൽ മാത്രം 1,470 പുതിയ രോഗികളാണ് ഉള്ളത്. ആന്ധ്രയിൽ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 6,051 പേർക്കാണ്. 49 പേർ കൂടി മരിച്ചു. ആകെ രോഗബാധിതർ 102,349ഉം മരണം 1090ഉം ആയി.
തമിഴ്‌നാട്ടിൽ ആകെ പോസിറ്റീവ് കേസുകൾ 2,20,716 ആയി. 24 മണിക്കൂറിനിടെ 6993 പോസിറ്റീവ് കേസുകളും 77 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണം 3,571 ആയി. ചെന്നൈയിൽ മാത്രം 1,138 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 21 മരണവും റിപ്പോർട്ട് ചെയ്തു. ആകെ 95,857 കൊവിഡ് കേസുകളാണ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിൽ റെക്കോർഡ് പ്രതിദിന വർധന റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3,578 പുതിയ കേസുകൾ. പശ്ചിമബംഗാളിൽ കൊവിഡ് കേസുകൾ 60,000വും ബിഹാറിൽ 40,000വും കടന്നു. ഗുജറാത്തിൽ 1,052 പുതിയ കേസുകളും 22 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതർ 56,874ഉം മരണം 2,348ഉം ആയി.
ബിഹാറിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉദയ് സിംഗ് കുമാവത്തിനെ നീക്കി. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആദ്യമരണം റിപ്പോർട്ട് ചെയ്തു. നാഗാലാൻഡിലെ മോൺ ജില്ലയിൽ അടുത്ത മാസം രണ്ട് വരെ ലോക്ക്ഡൗൺ നീട്ടി.