India National

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 200 കടന്നു

രാജ്യത്ത് രോഗബാധിതരുടെ എണ്ണം 200 കടന്നു. മകന്‍റെ വിദേശ യാത്ര വിവരം മറച്ചുവെച്ചതിന് ബംഗളൂരുവിലെ അസിസ്റ്റന്‍റ് പേർസണൽ ഓഫീസർക്കെതിരെ നടപടിയെടുത്തു. ജർമ്മനിയിൽ നിന്നെത്തിയ ഇവരുടെ മകന്‍ നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. മകനെ ഇവര്‍ റെയിൽവേ ഗസ്റ്റ് ഹൗസിൽ താമസിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. മഹാരാഷ്ട്രയിൽ മാത്രം 49 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.

പഞ്ചാബ് സ്വദേശിയായ 70 കാരൻ ബാൻഗ ടൗണിലെ സിവിൽ ആശുപത്രിയിലാണ് മരിച്ചത്. ജർമ്മനിയിലും ഇറ്റലിയിലും സന്ദർശനം നടത്തിയ ഇയാൾ മാർച്ച് 7നാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്.

19 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ സൂറത്തിലും രാജ്കോട്ടിലും ഒരോ കേസുകൾ സ്ഥിരീകരിച്ചു. ഡൽഹി എല്‍.എന്‍.ജെ.പി ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന ആറുപേർ ചാടിപോയി.

പൊലീസ് ഇവർക്കായി തെരച്ചിൽ നടത്തുകയാണ്. 20ലധികം പേർ ഡൽഹിയിൽ സംഘടിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ കൈയ്യികളിൽ മുദ്ര പതിപ്പിക്കും. നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം ലംഘിക്കുകയാണെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. ഗ്രൂപ്പ് ബിയിലും സിയിലുമുള്ള 50 ശതമാനം ആളുകളോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം നിർദ്ദേശിച്ചു. 50 ശതമാനം പേർ ജോലിക്ക് വരണം. പഞ്ചാബിലെ എല്ലാ പൊതുഗതാഗത സംവിധാനവും ഇന്ന് മുതൽ നിർത്തും.