India

കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രാലയം

രാജ്യത്തെ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് നെഗറ്റീവ് ആകുന്നത് വരെ രോഗലക്ഷണം ഉള്ളവരെ കൊവിഡ് ബാധിതരായി കണക്കാക്കണം. ജനങ്ങള്‍ക്കിടയില്‍ കൊവിഡ് പരിശോധനകള്‍ ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലെയും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ 24 മണിക്കൂറും പരിശോധനാ ബൂത്തുകള്‍ സജ്ജമാക്കണം. ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ വേണം. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ആരോഗ്യമന്ത്രാലയം അയച്ച കത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളില്‍ വലിയ വര്‍ധനവാണുണ്ടാകുന്നത്. കേരളത്തില്‍ മാത്രം 44 പേര്‍ക്ക് കൂടി ഇന്ന് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുണ്ടാകുന്നത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം പതിനായിരം കടന്നു.

അതേസമയം 15 മുതല്‍ 18 വരെ പ്രായമായവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ അരംഭിക്കും. http://www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴി വാക്‌സിനേഷന്‍ തീയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. വാക്‌സിനേഷന് അര്‍ഹരായ, ഈ പ്രായത്തിനിടയിലുള്ള 15 ലക്ഷത്തോളം കൗമാരക്കാര്‍ കേരളത്തിലുണ്ട്.