രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 422 ആയി. ഏഴ് പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 89 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പഞ്ചാബിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
രാജ്യത്ത് 22 സംസ്ഥാനങ്ങളിലാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലും ഡൽഹിയിലും നിരോധനാജ്ഞ തുടരുകയാണ്. ഡൽഹിയിൽ ആകെ 30 കോവിഡ് കേസുകൾ സ്ഥിരീകരിച്ചതിൽ 27 പേർ വിദേശത്തുനിന്ന് എത്തിയവരാണ്. ഗുജറാത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 29 ആയി. ഇതിൽ 11 എണ്ണം പുതിയ കേസുകളാണ്. കർണാടകയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 27 ഉം ചണ്ഢീഗഢിൽ ഏഴുമായി. മഹാരാഷ്ട്രയിൽ ഇന്നലെ വൈകിട്ട് മാത്രം സ്ഥിരീകരിച്ചത് 15 കേസുകളാണ്.
ഇന്നലെ മരിച്ച 69 വയസുകാരൻ ഫിലിപ്പൈൻസ് പൗരന് കോവിഡ് 19 ബാധിച്ച് ഭേദമായിരുന്നതായി മഹാരാഷ്ട്ര സർക്കാർ അറിയിച്ചു. ഇയാൾക്ക് വൃക്ക, ശ്വാസകോശം എന്നിവ സംബന്ധിച്ച അസുഖങ്ങൾ ഉണ്ടായിരുന്നതായും സർക്കാർ വ്യക്തമാക്കി. ഡൽഹിയിൽ 31 വരെ ഒല, ട്യൂബർ സർവീസ് നിർത്തിവച്ചു. ഡൽഹിയിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
പഞ്ചാബിൽ ആവശ്യക്കാർക്ക് ഭക്ഷണവും പാർപ്പിടവും മരുന്നുകളും സൗജന്യമായി നൽകും. മുഖ്യമന്ത്രിയുടെ സഹായനിധിയിൽ നിന്ന് ഇതിനായി 20 കോടി നൽകി. കോവിഡ് 19 നെ തുടർന്ന് വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ നാട്ടിൽ എത്തിക്കുന്നതിൽ എയർ ഇന്ത്യയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജില്ലകൾ അടച്ചിടാൻ ഉള്ള തീരുമാനം കർശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാര്‍ നിർദ്ദേശം നല്‍കി. നിർദേശം ലംഘിക്കുന്നവർക്ക് എതിരെ നിയമനടപടി സ്വീകരിക്കണം. സർക്കാർ നിർദ്ദേശങ്ങൾ ജനം ഗൗരവത്തോടെ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. രാജ്യത്തെ 80 ജില്ലകളിലാണ് നിയന്ത്രണമുള്ളത്.
കോവിഡ് 19 വ്യാപനം തടയാൻ 80 ജില്ലകൾ 31 ആം തീയതി വരെ അടച്ചിടാൻ ഉള്ള തീരുമാനം ഇന്നലെയാണ് കേന്ദ്രസർക്കാർ എടുത്തത്. എന്നാൽ നിർദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയത്. നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനാണ് ഉത്തരവ്. IPC 188 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക. ആറുമാസം വരെ തടവു ശിക്ഷ ലഭിച്ചേക്കും.
മഹാരാഷ്ട്രയിലെ പൂനെ മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഇതുവരെ 76 കേസുകളും പിംപ്രി- ചിച്ച്വട് ഏരിയയിൽ 350 കേസുകളും ഇപ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാഗ്രത തുടരണമെന്നും സർക്കാർ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും രാജ്യത്തെ ഒരു വിമാനത്താവളത്തിലും ചരക്ക് നീക്കം തടഞ്ഞിട്ടില്ലെന്ന് DGCA വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ഉത്തരവോടെ രാജ്യത്തെ മുഴുവൻ യാത്ര ട്രെയിനുകളും അർധരാത്രി മുതൽ സർവീസ് നിർത്തിവെച്ചു. പാസഞ്ചർ, മെയിൽ, എക്സ്പ്രസ്സ്, സൂപ്പർഫാസ്റ്റ് എന്നിവ ഉൾപ്പെടെയുള്ള 13,000 ട്രെയിനുകളാണ് സർവീസ് നിർത്തിയത്.