India

രാജ്യത്ത് പുതിയ 7,974 കൊവിഡ് കേസുകള്‍; 343 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 7,974 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 343 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകള്‍ 34,718,602 ആയി.

3,41,54,879 പേര്‍ക്ക് ഇതുവരെ രോഗമുക്തി നേടാന്‍ സാധിച്ചു. 98.38 ശതമാനമാണ് ആകെ രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ 4,76,478 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 87,245 പേരാണ് വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന്‍ കവറേജ് 135.25 കോടി കവിഞ്ഞു. 82.08 കോടി ആളുകള്‍ ആദ്യ ഡോസ് എടുത്തപ്പോള്‍ 53.09 കോടി പേര്‍ രണ്ട് ഡോസ് വാക്‌സിനേഷനും എടുത്തിട്ടുണ്ട്.

രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ ജനസംഖ്യയുടെ 55% ത്തിലധികം പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഈ ആഴ്ച മാത്രം 55.52% പേര്‍ ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തു. 87% ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചത്.

അതേസമയം കേരളത്തിലും തമിഴ്‌നാട്ടിലും ഇന്നലെ പുതിയ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. കേരളത്തില്‍ നാല് പേര്‍ക്കും തമിഴ്‌നാട്ടില്‍ ഒരാള്‍ക്കുമാണ് രോഗബാധ. രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.