India National

കൊവിഡ്: ഡൽഹിയിൽ ഗുരുതര സാഹചര്യം; മരണനിരക്ക് കൂടുന്നു

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡൽഹിയിൽ ഗുരുതര സാഹചര്യം. പ്രതിദിന കേസുകളും മരണനിരക്കും റെക്കോർഡ് വർധനവ് ഡൽഹിയിൽ രേഖപ്പെടുത്തുന്നു. പോസിറ്റിവിറ്റി നിരക്കും കുതിക്കുകയാണ്.

ഒക്ടോബർ 28 ന് ശേഷമാണ് ഡൽഹിയിൽ പ്രതിദിന കേസുകൾ ഉയർന്നത്. കഴിഞ്ഞ 13 ദിവസത്തിനിടെ 88,124 കേസുകൾ ഡൽഹിയിൽ മാത്രം സ്ഥിരീകരിച്ചു. റിപ്പോർട്ട് ചെയ്തത് 912 മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,000 ത്തിലധികം പരിശോധനകൾ നടന്നു. 13.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 10 ദിവസത്തിനുള്ളിൽ മൂന്നാംഘട്ട വ്യാപനം നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

അതേസമയം, രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 87,73,479 ആയി. മരണസംഖ്യ 1, 29,188 ആയി ഉയർന്നു. അരലക്ഷത്തിൽ താഴെയാണ് പ്രതിദിന രോഗമുക്തരുടെ എണ്ണം. രോഗമുക്തി നിരക്ക് 93 ശതമാനമായി ഉയർന്നപ്പോൾ മരണ നിരക്ക് 1.47 ശതമാനമായി തുടരുന്നു. അഞ്ചു മാസത്തിന് ശേഷം തമിഴ്‌നാട്ടിലെ പ്രതിദിന കേസ് രണ്ടായിരത്തിന് താഴെയായി. മഹാരാഷ്ട്രയിൽ 4132 ഉം, ബംഗാളിൽ 3835 ഉം കേസുകൾ റിപ്പോർട്ട് ചെയ്തു .ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങിയത് കാരണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രോഗവ്യാപനത്തിന്റെ ആശങ്കയിലാണ്.