സംസ്ഥാനങ്ങളുടെ കണക്കു പ്രകാരം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. 70,768 പേർക്കാണ് ഇത് വരെ കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് ഇത് വരെ 67,152 രോഗികൾ ആണുള്ളത്. 2,206 പേര്‍ക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി. 20,917 പേര്‍ കോവിഡില്‍ നിന്നും മുക്തരാവുകയും ചെയ്തു. രോഗബാധിതർ ഏറ്റവും കൂടുതൽ ഉള്ള മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാണ്.
രാജ്യത്ത് ട്രെയിൻ സർവീസുകൾ കൂടി ആരംഭിച്ചതോടെ രോഗം പടരാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയിലാണ് സംസ്ഥാന സർക്കാരുകൾ. 24 മണിക്കൂറിനിടെ നാലായിരത്തിനു മുകളിൽ ആളുകൾക്ക് രോഗ ബാധ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. രോഗം പടരാതിരിക്കാൻ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6 ബി.എസ്.എഫ് ജവാൻമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിലും ത്രിപുരയിലുമുള്ള ഓരോരുത്തർക്കും പശ്ചിമ ബംഗാളിൽ നാലും ബി.എസ്.എഫ് ജവാന്‍മാർക്കാണ് കോവിഡ് ബാധിച്ചത്. ഏറ്റവും ഗുരുതരാവസ്ഥയിൽ തുടരുന്ന സംസ്ഥാനം ഇപ്പോഴും മഹാരാഷ്ട്രയാണ്. അവിടെ രോഗികളുടെ എണ്ണം ഇരുപത്തിരണ്ടായിരം കടന്നു. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ ഊര്‍ജ, തൊഴില്‍, ജല മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശ്രം ശക്തി ഭവന്‍ കഴിഞ്ഞ ദിവസം സീല്‍ ചെയ്തു.