മുള, പ്രാദേശികമായി കിട്ടുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് കുടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്
ലോക് ഡൌണ്‍ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവര്‍ മടങ്ങിയെത്തുമ്പോള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലായിരിക്കണം ഇവര്‍ കഴിയേണ്ടത്. മണിപ്പൂരിലെയും സ്ഥിതി വ്യത്യസ്തമല്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റൈനില്‍ താമസിക്കാനായി സ്ക്ളൂകളോ ഹോട്ടലുകളോ അല്ല ഇവര്‍ സജ്ജമാക്കിയിരിക്കുന്നത്. പകരം ഒരു കുന്നിന്‍ പ്രദേശം നിറയെ നിശ്ചിത അകലത്തില്‍ മുള കൊണ്ട് ചെറിയ കുടിലുകളൊരുക്കിയിരിക്കുകയാണ് തങ്ഗോയ് ഗ്രാമ കൌണ്‍സില്‍.
മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ നിന്നും 110 കിലോമീറ്റര്‍ അകലെ സേനാപതി ജില്ലയിലാണ് തങ് ഗോയ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. 80 മുളവീടുകളാണ് ഇത്തരത്തില്‍ ഗ്രാമനിവാസികള്‍ ഒരുക്കിയിരിക്കുന്നത്. കുടിലുകളാണെന്ന് കരുതി സൌകര്യം കുറവാണെന്നൊന്നും വിചാരിക്കണ്ട. കിടക്കാനായി ബെഡ്, ശൌചാലയം, ഗ്യാസ് ടേബിള്‍, ഫോണ്‍ ചാര്‍ജ്ജ് ചെയ്യാനുള്ള സൌകര്യം, വെള്ളം എന്നിവയും ക്വാറ്ന്റൈനില്‍ താമസിക്കുന്നവര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
മുള, പ്രാദേശികമായി കിട്ടുന്ന മറ്റ് വസ്തുക്കള്‍ എന്നിവ ഉപയോഗിച്ചാണ് കുടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമത്തില്‍ നിന്നും പുറത്തുപോയവര്‍ക്കായി ഇത്തരം കുടിലുകളൊരുക്കിയ തങ് ഗോയ് ഗ്രാമ അധികൃതരെ അഭിനന്ദിക്കുന്നതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരണ്‍ സിംഗ് ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗും ഗ്രാമത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.