India National

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി

രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 111 ആയി. മഹാരാഷ്ട്രയിൽ മാത്രം 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നുള്ള 53 അംഗ ഇന്ത്യൻ സംഘത്തെ ജയ്സാൽമീറിലെ സൈനിക കേന്ദ്രത്തിലെത്തിച്ചു. ഈ മാസം 31 വരെ ഡല്‍ഹിയില്‍ നൈറ്റ് ക്ലബുകളും ജിംനേഷ്യവും തുറക്കരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ നിര്‍ദേശം നല്‍കി.

14 സംസ്ഥാനങ്ങളിലായി 111 പേർക്കാണ് ഇന്ത്യയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് ഒഡീഷയിലും മഹാരാഷ്ട്രയിലും ഒരോ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് ഇന്ന് ജയ്സാൽമീറിലെ സൈനിക കേന്ദ്രത്തിൽ എത്തിച്ച 52 പേർ 14 ദിവസം നിരീക്ഷണത്തിൽ തുടരും.

കഴിഞ്ഞ ദിവസം ഡൽഹി ജനക്പൂരിൽ കോവിഡ് 19 നെ തുടർന്ന് മരിച്ച 68 കാരിയ്ക്കൊപ്പം ഇടപഴകിയ 800 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. കോവിഡ് 19 മൂലം റെയിൽവെ, വിമാന ടിക്കറ്റുകൾ റദ്ദാക്കുമ്പോൾ നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് സർക്കാരിനോട് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്രമന്ത്രിമാരുടെ യോഗം നിർമ്മാൺ ഭവനിൽ ചേർന്നു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ താൽക്കാലിക ഹാൻഡ്‌വാഷ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം കുറ്റപ്പെടുത്തി.

ഹൈദരാബാദ് സർവകലാശാല എല്ലാ അക്കാദമിക് പ്രവർത്തനങ്ങളും മാർച്ച് 31 വരെ നിർത്തിവെച്ചിരിക്കുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 18 ലക്ഷം പേരെ ഇതുവരെ പരിശോധിച്ചു. ഇന്ന് മുതൽ പാർലമെൻറിൽ സന്ദർശകരെ അനുവദിക്കില്ല. സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 75 ആക്കി ചുരുക്കി. ഇന്ത്യയിലെ വിവിധ സിനിമ സംഘടനകൾ മാർച്ച് 31 വരെ ഷൂട്ടിംഗ് നിർത്തിവെച്ചിട്ടുണ്ട്.