India National

കോവിഡ് 19; രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണം, കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

യുഎഇ,ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം.യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച് 18 മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നതിലും വിലക്ക്

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണം. യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. യൂറോപ്പില്‍ നിന്നുള്ളവര്‍ക്ക് മാര്‍ച്ച് 18 മുതല്‍ രാജ്യത്ത് പ്രവേശിക്കുന്നതിലും കേന്ദ്രം വിലക്ക് ഏര്‍പ്പെടുത്തി. താജ്മഹല്‍ ഇന്ന് മുതല്‍ അടച്ചിടും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.

മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാനെന്നും നിര്‍ദേശമുണ്ട്. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വരും. നാല് പുതിയ കേസുകള്‍ കൂടി തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഡിഷ, ജമ്മു കശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ 114 കേസുകള്‍ ആണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.