India National

ചിദംബരത്തിന്റെ രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും; ചോദ്യം ചെയ്യല്‍ തുടരുന്നു

ഐ.എന്‍.എക്സ് മീഡിയക്കേസിൽ പി.ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ ഡൽഹിയിലെ സി.ബി.ഐ ആസ്ഥാനത്തു തുടരുന്നു. റോസ് അവന്യൂ കോടതി ഇന്നലെ കസ്റ്റഡി അനുവദിച്ചതോടെ സി.ബി.ഐ വിശദമായ ചോദ്യം ചെയ്യലിന് തയ്യാറായി കഴിഞ്ഞു. അതേസമയം അറസ്റ്റിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ചിദംബരം സമർപ്പിച്ച രണ്ട് ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

ചിദംബരം ഉള്ളതിനാൽ കനത്ത സുരക്ഷയിലാണ് സി.ബി.ഐ ആസ്ഥാനം. സി.ബി.ഐ ഗസ്റ്റ് ഹൗസിലെ ഗ്രൗണ്ട് ഫ്ലോറിൽ അഞ്ചാം നമ്പർ സ്യൂട്ടിലാണ് ചിദംബരം. നിയമ മേഖലയിൽ വിദഗ്ധനായതിനാൽ ചിദംബരത്തെ ചോദ്യം ചെയ്യുക സി.ബി.ഐക്ക് എളുപ്പമല്ല. അതിനാൽ ചോദ്യങ്ങളിലടക്കം സൂക്ഷ്മത പുലർത്തി സി.ബി.ഐ സംഘം വിശദമായ ചോദ്യം ചെയ്യലിന് ഒരുങ്ങി. ഐ.എന്‍.എക്സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും കണ്ടതും നടത്തിയ ഇടപാടുകളും അടക്കമുള്ളവ സി.ബി.ഐ ചോദിച്ചറിയും.

ഇന്നലെ തന്നെ ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങളിൽ നിന്നും വഴുതി മാറുകയാണെന്നും സി.ബി.ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. അതേസമയം സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി ചിദംബരം സമർപ്പിച്ച രണ്ട് ഹരജിൾ ഇന്ന് സുപ്രിം കോടതി പരിഗണിക്കും. ജസ്റ്റിസ് ആർ. ബാനുമതി അധ്യക്ഷയായ ബെഞ്ചാണ് ഹരജികൾ പരിഗണിക്കുക. സി.ബി.ഐക്ക് എതിരായ ഹരജി അറസ്റ്റോടെ അപ്രസക്‌തമായി.