India National

രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് തെലങ്കാന മുഖ്യമന്ത്രിയെന്ന് ബി.ജെ.പി എം.പി

തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് നിസാമാബാദില്‍ നിന്നുള്ള ബി.ജെ.പി എം.പി ഡി.അരവിന്ദ്. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് ചന്ദ്രശേഖര റാവുവെന്ന് അരവിന്ദ് ആരോപിച്ചു. നിസാം പഞ്ചസാര ഫാക്ടറിയെക്കുറിച്ച് എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറിയായിരുന്നു നിസാം ഫാക്ടറി. എന്നാലിന്ന് അതിന്റെ അവസ്ഥ വളരെ മോശമാണ്. സംസ്ഥാന സര്‍ക്കാരാണ് അതിന് കാരണം. ഫാക്ടറിയെ സ്വകാര്യവത്ക്കരിക്കുക എന്ന മണ്ടത്തരം ചെയ്തത് ചന്ദ്ര ബാബു നായിഡുവിന്റെ കാലത്താണ്. തുടര്‍ന്ന് ഭരണത്തിലേറിയ കോണ്‍ഗ്രസ് ഫാക്ടറിയെ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. നൂറ് ദിവസത്തിനുള്ളില്‍ ഫാക്ടറിയെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുമെന്നാണ് 2014ല്‍ കെ.സി.ആര്‍ പറഞ്ഞത്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. അദ്ദേഹത്തിന്റെ മകള്‍ കെ.കവിത നിസാമാബാദില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ.സി.ആര്‍ ഫാക്ടറിയെ നശിപ്പിച്ചതായും അരവിന്ദ് ആരോപിച്ചു. തെലങ്കാനയിലെ 35,000 കര്‍ഷകരുടെ കുടുംബങ്ങള്‍ ചന്ദ്രശേഖര റാവു കാരണം നിരാശരാണെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.