India

ഒരു ലിറ്റർ പെട്രോളിന് 1.50 രൂപ ! പെട്രോളിന് ഏറ്റവും കുറവ് വില വരുന്നത് ഈ രാജ്യത്ത്

ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് നൂറ് രൂപയിലേറെ നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ വെറും ഒന്നര രൂപ നൽകി ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്. മറ്റ് ചില രാജ്യങ്ങളിലാകട്ടെ നാം നൽകുന്നതിന്റെ ഇരട്ടി തുക നൽകേണ്ടിയും വരും. ലോകത്ത് ഏറ്റവും വിലക്കുറവിൽ പെട്രോൾ കിട്ടുന്ന രാജ്യങ്ങളും, പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ള രാജ്യങ്ങളും ഏതെന്ന് അറിയുമോ ? ( country with cheapest petrol price )

ലോകത്ത് പെട്രോളിന് ഏറ്റവും കൂടുതൽ വില ഹോങ്ങ് കോങ്ങിലാണ്. 2.56 ഡോളർ (192 രൂപ) നൽകണം ഒരു ലിറ്റർ പെട്രോളിന്. തൊട്ട് പിന്നാലെ വരുന്ന രാജ്യം നെതർലൻഡ്‌സ് ആണ്. 2.18 ഡോളറാണ് ഇവിടെ വില. ഏകദേശം 163 രൂപ. മൂന്നാം സ്ഥാനത്ത് 2.14 ഡോളറാണ്. 160 രൂപ വരും ഇത്. നോർവേ, ഡെൻമാർക്ക്, ഇസ്രായേൽ, ഗ്രീസ്, ഫിൻലൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിലും പെട്രോളിന് പൊള്ളുന്ന വിലയാണ്.

ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുണ്ട്. വെനസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 0.02 ഡോളറാണ്. വെറും 1.50 രൂപ !

ഇറാനിൽ 00.6 ഡോളർ, അതായത് 4.51 രൂപയാണ് പെട്രോൾ വില. സിറിയയിൽ വെറും 0.23 ഡോളർ, കൃത്യമായി പറഞ്ഞാൽ 17 രൂപ നൽകിയാൽ മതി ഒരു ലിറ്റർ പെട്രോളിന്.

അംഗോള, അൽജീരിയ, കുവൈറ്റ്, നൈജീരിയ, തുർകെമിനിസ്താൻ, ഖസാകിസ്താൻ, എത്യോപിയ എന്നിവിടങ്ങളിലും പെട്രോൾ വില 0.50 ഡോളറിലും കുറവാണ്. അതായത് 37 രൂപയിൽ കൂടില്ലെന്ന് ചുരുക്കം.

രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഡൽഹിയിൽ പെട്രോളിന് 107.94 രൂപയും ഡീസലിന് 96.67 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോൾ വില 110 കടന്നിരുന്നു. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 108.25 രൂപയും ഡീസൽ ലീറ്ററിന് 102.06 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 108.75 രൂപയും ഡീസലിന് 102.19 രൂപയുമാണ് ഇന്നത്തെ വില.

അമേരിക്ക, കാനഡ, റഷ്യ, ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പെട്രോൾ വിലയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില.