ഇന്ത്യക്കാര്‍ക്ക് ഇവിടത്തെ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് ചില രാജ്യങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയും. നിശ്ചിത കാലത്തേക്ക് ഈ ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളില്‍ വണ്ടി ഓടിക്കാം. മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകുന്നവര്‍ക്കും കുറച്ചുകാലം താമസിക്കുന്നവര്‍ക്കുമാണ് ഈ സൌകര്യം പ്രയോജനപ്പെടുക. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സിംഗപ്പൂര്‍, ഹോങ്കോങ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യന്‍ ലൈസന്‍സ് അംഗീകരിച്ച ലോക രാജ്യങ്ങള്‍.
ജര്‍മനിയില്‍ വലത് വശത്ത് കൂടിയാണ് ഡ്രൈവിങ്. ഇവിടെ കാര്‍, ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് നിര്‍ബന്ധമല്ല. ലൈസന്‍സ് പ്രാദേശിക ഭാഷയില്‍ ആണെങ്കില്‍ ജര്‍മന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നും പരിഭാഷപ്പെടുത്തിയ ലൈസന്‍സ് ലഭിക്കും. ആറ് മാസം വരെ ഇങ്ങനെ യാത്ര ചെയ്യാം. ബ്രിട്ടനില്‍ ഇടതു വശത്ത് കൂടിയാണ് ഡ്രൈവിങ്. ഒരു വര്‍ഷം വരെ ഇവിടെ ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടി ഓടിക്കാം.
ആസ്ത്രേലിയയിലും ഡ്രൈവിങ് ഇടത് വശത്ത് കൂടിയാണ്. ഓസ്‌ട്രേലിയന്‍ സ്റ്റേറ്റുകളില്‍ നിയമങ്ങള്‍ വ്യത്യാസമുണ്ട്. ചിലയിടങ്ങളില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യപ്പെടുമ്പോള്‍ ചില സ്റ്റേറ്റുകളില്‍ നമ്മുടെ കയ്യിലുള്ള ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് കറങ്ങാം. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലെ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരമാകും ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിക്കാനാകുക. ചില സ്റ്റേറ്റുകളില്‍ ഇന്‍ര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ആവശ്യമാണ്.
ന്യൂസിലാന്‍ഡില്‍ ഇടതു വശത്ത് കൂടിയാണ് ഡ്രൈവിങ്. പ്രാദേശിക ഭാഷയില്‍ ആണ് ഇന്ത്യന്‍ ലൈസന്‍സ് എങ്കില്‍ പരിഭാഷ വേണം. ഒരു വര്‍ഷമാണ് കാലാവധി. സ്വിറ്റ്സര്‍ലാന്‍ഡിലും ഇതുപോലെ ഒരു വര്‍ഷം വണ്ടി ഓടിക്കാം. സ്വീഡനില്‍ വലത് വശത്ത് കൂടിയാണ് ഡ്രൈവിങ്. ഇംഗ്ലീഷ്, ജര്‍മന്‍, സ്വീഡിഷ്, ഡാനിഷ്, നോര്‍വീജിയന്‍ ഭാഷകളില്‍ അല്ല ലൈസന്‍സ് എങ്കില്‍ ഈ ഭാഷകളില്‍ ഏതെങ്കിലും ഒന്നിലെ പരിഭാഷ കയ്യില്‍ കരുതാം. ഒരു അംഗീകൃത തിരിച്ചറിയല്‍ രേഖയും കരുതണം.
ദക്ഷിണാഫ്രിക്കയില്‍ ഇംഗ്ലീഷിലുള്ള ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാം. കാറുകള്‍ വാടകയ്ക്ക് കിട്ടാന്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് വേണം. സിംഗപ്പൂരില്‍ വണ്ടി ഓടിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ അംഗീകരിച്ച ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് വേണം. ഇംഗ്ലീഷില്‍ അല്ല ലൈസന്‍സ് എങ്കില്‍ പരിഭാഷയും കരുതണം. ഹോങ്കോങില്‍ ഒരു വര്‍ഷത്തേക്കാണ് ഇന്ത്യന്‍ ലൈസന്‍സ് ഉപയോഗിച്ച് വണ്ടി ഓടിക്കാനാവുക. മലേഷ്യയില്‍ ഇംഗ്ലീഷിലോ മലായ് ഭാഷയിലോ ഉള്ള ലൈസന്‍സ് ഉപയോഗിക്കാം. മലേഷ്യയിലെ ഇന്ത്യന്‍ എംബസിയാണ് ഇത് അനുവദിക്കേണ്ടത്. അല്ലെങ്കില്‍ ഇന്‍റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് ഉപയോഗിക്കാം.