India National

പ്രധാനമന്ത്രിക്ക്​ സുരക്ഷയൊരുക്കാൻ ദിവസം ഒന്നര കോടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ ​പ്രതിദിനം സുരക്ഷയൊരുക്കാൻ മാറ്റി ​വെച്ചത്​ 1.62 കോടി രൂപ. മോദിക്ക്​ എസ്​.പി.ജി സുരക്ഷയൊരുക്കാനാണ്​ ഈ ഭീമമായ തുക​. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പ്രത്യേക സുരക്ഷാ വിഭാഗത്തിന്​​ (എസ്​.പി.ജി) വകയിരുത്തിയ ഫണ്ട്​ അനുസരിച്ചുള്ള കണക്കാണിത്​. 3000ത്തോളം അംഗങ്ങളുള്ള അതിശക്തമായ സേനയാണ്​ എസ്​.പി.ജി​. നിലവിൽ പ്രധാനമന്ത്രിക്ക്​ മാത്രമാണ്​ എസ്​.പി.ജി സുരക്ഷ. 2020-21വർഷത്തേക്ക്​ 592.55കോടി രൂപയാണ്​ എസ്​.പി.ജിക്ക്​ അനുവദിച്ചത്​​. അതായത്​ പ്രതിദിനം 1.62 കോടി രൂപ. നിലവിൽ സി.ആർ.പി.എഫ്​, എസ്​.പി.ജി സുരക്ഷ ലഭിക്കുന്നവർ ആരൊക്കെയാണ്​ എന്ന ​ഡി.എം.കെ എം.പി ദയാനിധി മാരൻെറ ചോദ്യത്തിന്​ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്​ഢി നൽകിയ മറുപടിയിലാണ്​ എസ്​.പി.ജി സുരക്ഷ രാജ്യത്ത്​ പ്രധാനമന്ത്രിക്ക്​ മാത്രമേ ഏർപ്പെടുത്തിയിട്ടുള്ളൂ എന്ന്​ വ്യക്തമാക്കിയത്​​.

നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, മക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിങ്ങനെ നാല്​ പേർക്ക്​ എസ്​.പി.ജി സുരക്ഷ ഉണ്ടായിരുന്നുപ്പോൾ 2019-2020ൽ 540.16 കോടിയായിരുന്നു എസ്​.പി.ജിക്ക്​ അനുവദിച്ചത്​. ഓരോരുത്തർക്ക്​ വർഷത്തിൽ 135 കോടി രൂപ. അതിൽ നിന്ന്​ 340 ശതമാനമാണ്​ സുരക്ഷാ ചെലവിൽ വരുത്തിയ വർധന.

ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടർന്നാണ്​ രാജ്യത്ത്​ ആദ്യമായി എസ്.പി.ജി രൂപീകരിക്കുന്നത്​. രാജീവ്​ഗാന്ധിയായിരുന്നു അന്ന്​ പ്രധാനമന്ത്രി. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബത്തിനും സുരക്ഷയൊരുക്കാനായിരുന്നു എസ്​.പി.ജി രൂപീകരണം. ഇതേതുടർന്ന്​ രാജീവ്​ ഗാന്ധി, സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്ക്​ സുരക്ഷ ലഭിച്ചു. 1989ൽ ഭരണം മാറി വി.പി സിങ്​ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഗാന്ധി കുടുംബത്തിന്റെ എസ്​.പി.ജി സുരക്ഷ പിൻവലിച്ചു. എന്നാൽ 1991ൽ രാജീവ്​ഗാന്ധി കൊല്ലപ്പെട്ടു. ഇതേവർഷം​ കോൺഗ്രസ്​ അധികാരത്തിലേറുകയും ഗാന്ധി കുടുംബത്തിനുള്ള സുരക്ഷ പുനഃസ്ഥാപിക്കുകയുമായിരുന്നു. ഇത്​ കഴിഞ്ഞ വർഷം നവംബർ വരെ തുടർന്നു. പിന്നീട്​ മോദി സർക്കാർ ഗാന്ധി കുടുംബത്തിന്റെ എസ്​.പി.ജി സുരക്ഷ പിൻവലിച്ച്​ സി.ആർ.പി.എഫ്​ സുരക്ഷ ഏർപ്പെടുത്തുകയായിരു​ന്നു.